സമുദായ ഭ്രഷ്ടിനെതിരെ പ്രതിഷേധം ശക്തം

കാഞ്ഞങ്ങാട്: പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ നിന്ന് മകനെ അകറ്റി നിർത്തി ഭ്രഷ്ട് കൽപ്പിച്ച സമുദായ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അജാനൂർ കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികൻ ബാലൻ കൂട്ടായിക്കാരന്റെ ഏക മകൻ കെ. പ്രിയേഷിനാണ് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് സമുദായവിലക്കുണ്ടായത്. ഹിന്ദു മതാചാര പ്രകാരം പിതാവിന് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടത് സ്വന്തം പുത്രന്മാരാണ്. ആൺമക്കളില്ലെങ്കിൽ ജ്യേഷ്ഠ സഹോദരന്റെ മക്കളോ, മരുമക്കളോ ആണ് പരേതന് അന്ത്യകർമ്മങ്ങൾ നടത്തേണ്ടത്.

ബാലൻ കൂട്ടായിക്കാരന്റെ ഏക മകനെയാണ് സമുദായം മരണാനന്തര ചടങ്ങുകളിൽ നിന്നും മാറ്റിനിർത്തിയത്. കാഞ്ഞങ്ങാട് ടാറ്റാ ഷോറൂമിലെ ജീവനക്കാരനായ കെ. പ്രിയേഷ്  സ്വസമുദായത്തിൽപ്പെട്ട യുവതിയെത്തന്നെയാണ് വിവാഹം ചെയ്തിരുന്നതെങ്കിലും സമുദായത്തിലെ ഒരേ ഇല്ലത്തിൽപ്പെട്ട യുവതിയെ വിവാഹം  ചെയ്തതിനാലാണ് ഭ്രഷ്ട് കൽപ്പിച്ചത്. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ കാഴ്ചക്കാരനായി നിൽക്കേണ്ട ഗതികേടാണ് പ്രിയേഷിനുണ്ടായത്.

ഹിന്ദുമതത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ നിരവധി ദുരാചാരങ്ങൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്. അവയിലൊന്നാണ് സ്വന്തം ഇല്ലത്തിന് പുറത്തുള്ളയാളെ വിവാഹം കഴിക്കണമെന്ന പിടിവാശി. രക്തബന്ധത്തിലുള്ളവരുടെ മക്കൾ തമ്മിൽ വിവാഹം കഴിച്ചാൽ പിറക്കാനിരിക്കുന്ന മക്കൾക്ക് ജനിതക തകരാറുകളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ പഠനങ്ങൾ. പക്ഷേ ഒരേ ഇല്ലത്തിൽപ്പെട്ടവരെ വിവാഹം കഴിക്കരുതെന്ന നിബന്ധനയ്ക്ക് ശാസ്ത്രീയ അടിത്തറയൊന്നുമില്ല സമുദായങ്ങൾ സൃഷ്ടിച്ച ദുരാചാരങ്ങളുടെ  ഇരയാകേണ്ടി വന്ന പ്രിയേഷ് പിതാവിന്റെ  അന്ത്യകർമ്മങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കടുത്ത വിഷമത്തിലാണ്.

പ്രിയേഷിനെതിരെയുള്ള  സമുദായ വിലക്കിനെതിരെ അതേ സമുദായത്തിൽ നിന്നും എതിർപ്പുകളുയർന്നിട്ടുണ്ട്. മാനുഷിക പരിഗണനകൾ മറന്ന് സമുദായ നിയമങ്ങളിൽ കടുംപിടുത്തം നടത്തിയ നിലപാട് തീർത്തും  മനുഷ്യത്വ രഹിതമാണെന്നാണ് ആക്ഷേപം. സമുദായവിലക്കിനെതിരെ പ്രിയേഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണന് പരാതി നൽകിയിട്ടുമുണ്ട്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ജില്ലാകലക്ടർക്കും  പരാതി  നൽകുമെന്ന് കെ.പ്രിയേഷ് വ്യക്തമാക്കിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താത്ത സമുദായനേതൃത്വത്തിനെതിരെ യുവതലമുറയ്ക്കിടയിൽ പ്രതിഷേധമുണ്ട്.

LatestDaily

Read Previous

ഉദുമയിൽ വീണ്ടും വാഹനാപകടം : വീട്ടമ്മ മരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ 4 അപകട മരണങ്ങൾ

Read Next

സിപിഐ ഇടപെട്ടു ; മന്ത്രി ഉദ്ഘാടനത്തിനെത്തിയില്ല