കാർ പാഞ്ഞുകയറി 19കാരൻ മരിച്ചു

ബേക്കൽ : അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി കടയിലേക്ക് പാഞ്ഞു കയറി 19കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ബേക്കൽ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 1.15 മണിക്കാണ് കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്ര കമാനത്തിന് സമീപം കാർ കടയിലേക്ക് പാഞ്ഞുകയറിയത്. ക്ഷേത്രത്തിന് സമീപത്തെ കടയുടെ മുന്നിലിരിക്കുകയായിരുന്ന യുവാക്കളുടെ മേലാണ് കാർ പാഞ്ഞു കയറിയത്.

അപകടത്തിൽ കോട്ടിക്കുളത്തെ ശശിചിത്ര ദമ്പതികളുടെ മകൻ ടി.വി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനോടൊപ്പം കടയിലിരിക്കുകയായിരുന്ന കോട്ടിക്കുളത്തെ നിധിൻ 15, ശ്രീലാൽ 15, എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കെ.എൽ. 60 പി. 1927 നമ്പർ കാറാണ് ഇന്ന് പുലർച്ചെ നിയന്ത്രണം തെറ്റി കടയിലേക്ക് പാഞ്ഞുകയറി 19 കാരനെ ഇടിച്ചു കൊന്നത്. സംഭവത്തിൽ കാറോടിച്ചിരുന്ന സന്തോഷ് എന്നയാൾക്കെതിരെയാണ് ബേക്കൽ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. മൃതദേഹം ബേക്കൽ പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പ്ലസ് ടു പഠനം കഴിഞ്ഞ് ഹോട്ടൽ ജോലിയെടുക്കുകയായിരുന്ന വിഷ്ണു കോട്ടിക്കുളം ബീച്ച് റോഡിലെ തറവാട്ടിൽ തെയ്യം കാണാനെത്തിയതായിരുന്നു. കൂട്ടുകാരോടൊത്ത് കടവരാന്തയിലിരിക്കുകയായിരുന്ന വിഷ്ണു കാറിടിച്ച് തൽക്ഷണം മരിച്ചു. സഹോദരി : വിഷ്ണുപ്രിയ. വിദ്യാർത്ഥിനിയാണ്.

LatestDaily

Read Previous

ഫേസ്ബുക്ക് പോസ്റ്റ് മർദ്ദനക്കേസ്സിൽ സ്ഥലത്തില്ലാത്തവർ പ്രതികൾ

Read Next

ക്വട്ടേഷൻ ആക്രമണം : ഒരാൾകൂടി പിടിയിൽ