സിപിഎം കാഞ്ഞങ്ങാട് ഏസി പിടിച്ചടക്കാൻ വിഭാഗീയത ഉണ്ടാക്കിയെന്ന് പാർട്ടി റിവ്യൂ റിപ്പോർട്ടിംഗ്

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗങ്ങളായ അതിയാമ്പൂരിലെ എ. രാഘവനും, നെല്ലിക്കാട്ടെ കെ.വി. രാഘവനും ഏരിയാ കമ്മിറ്റി പിടിച്ചെടുക്കാൻ കമ്മിറ്റി   അംഗങ്ങളിൽ വിഭാഗീയത ഉണ്ടാക്കിയെന്ന് പാർട്ടി ഏസി റിവ്യൂ റിപ്പോർട്ടിംഗ്. എം. രാഘവൻ പാർട്ടി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മന്ത്രിയുടെ സിക്രട്ടറിയായിരുന്നു. ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന എം. രാഘവൻ ഡപ്യൂട്ടേഷനിലാണ് അന്ന് കോടിയേരിയുടെ സിക്രട്ടറിയായത്.

പിന്നീട് കോടിയേരി എംഎൽഏ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സിക്രട്ടറിയായും, ഏറ്റവുമൊടുവിൽ ആദ്യ പിണറായി സർക്കാറിൽ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ അഡീഷണൽ പ്രൈവറ്റ് സിക്രട്ടറിയായും സേവനമനുഷ്ടിച്ച എം. രാഘവൻ സർക്കാർ സർവ്വീസിൽ നിന്ന് പിരിയാൻ 3 വർഷം അവശേഷിക്കെ നിർബ്ബന്ധിത റിട്ടയർമെന്റ് വാങ്ങി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് 4 മാസം മുമ്പ് പാർട്ടി പ്രവർത്തനത്തിനിറങ്ങുകയായിരുന്നു. എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. നിലവിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്.

നെല്ലിക്കാട് സ്വദേശി കെ.വി. രാഘവൻ കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലറും പാർട്ടി കാഞ്ഞങ്ങാട് ഏസി അംഗവുമാണ്. ഏരിയാ കമ്മിറ്റി സിക്രട്ടറിയായ കെ. രാജ്മോഹന് എതിരെയും പാർട്ടി ജില്ലാ കമ്മിറ്റിയംഗം അതിയാമ്പൂരിലെ പി. അപ്പുക്കുട്ടന് എതിരെയും ഇരു രാഘവൻമാരും ഇക്കഴിഞ്ഞ ഏസി തിരഞ്ഞെടുപ്പിൽ വിഭാഗീയതയുണ്ടാക്കി ഏസി പിടിച്ചടക്കാൻ ശ്രമിച്ചുവെന്നാണ് ഇരുവർക്കുമെതിരെ ഇപ്പോൾ കാഞ്ഞങ്ങാട് ഏരിയയിലെ  എൽസികളിൽ നടന്നുവരുന്ന പാർട്ടി  ഏരിയ സമ്മേളന റിവ്യൂ റിപ്പോർട്ടിംഗ്.

തൽസമയം പി. അപ്പുക്കുട്ടനും രാജ്മോഹനും അടങ്ങുന്ന ഏസിയിലെ എതിർ വിഭാഗം രാഘവൻ ഏസി സിക്രട്ടറിയായി വരുന്നതിന് തടയിടാൻ,  ഏരിയാ കമ്മിറ്റിയംഗവും, സിഐടിയു നേതാവുമായ കൊവ്വൽപ്പള്ളിയിലെ ഡി.വി. അമ്പാടിയേയും ഏരിയ കമ്മിറ്റിയംഗം അജാനൂർ മടിയനിലെ ജ്യോതിബസുവിനേയും കൂട്ടുപിടിച്ച് മറ്റൊരു വിഭാഗീയ  പ്രവർത്തനം കൂടി നടത്തിയതായി പാർട്ടി അണികൾ ഇപ്പോൾ ചർച്ച ചെയ്യുകയാണ്.

എം. രാഘവൻ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് പാർട്ടിയിൽ സ്ഥാപിക്കാൻ അപ്പുക്കുട്ടൻ – രാജ്മോഹൻ ടീമിന് സാധിച്ചതിനാൽ, പുതിയ ഏരിയ കമ്മിറ്റിയിൽ നിന്ന് മുകളിലോട്ടു കയറാൻ 20 വർഷക്കാലം,   കോടിയേരിയുടെ വിശ്വസ്തനായ എം. രാഘവന് കഴിഞ്ഞതുമില്ല. മാത്രമല്ല, മടിക്കൈയിൽ ചേർന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ പ്രതിനിധിപോലുമാക്കാതെ എം. രാഘവന് ഏസി അംഗമെന്ന പാർട്ടി പദവിയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതായും വന്നു. ഡി.വി. അമ്പാടിയുടെ ബന്ധുവിന് പാർട്ടി കൈയ്യാളുന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൂടെ നിർത്തിയാണ് അപ്പുക്കുട്ടൻ- രാജ്മോഹൻ ടീം ഏരിയാ കമ്മിറ്റി പിടിച്ചെടുത്തതെന്നാണ് അണികൾ ചർച്ച ചെയ്യപ്പെടുന്ന പുതിയ വിഭാഗീയത.

ഡി.വി. അമ്പാടി ഏസി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ എം. രാഘവൻ പക്ഷത്തോടൊപ്പം അണിനിരക്കാൻ ഒരുങ്ങിയിരുന്നുവെങ്കിലും, പിന്നീട് ബന്ധുനിയമനം വാഗ്ദാനം നൽകി അദ്ദേഹത്തെ പി. അപ്പുകുട്ടൻ- രാജ്മോഹൻ വിഭാഗം ഒപ്പം നിർത്തി ഏരിയ കമ്മിറ്റി പിടിച്ചടക്കിയതും വിഭാഗീയത തന്നെയെന്നാണ് ഇപ്പോൾ പാർട്ടിയിൽ ചൂടുള്ള രഹസ്യ ചർച്ച.

Read Previous

തായന്നൂർ കവർച്ച തൊണ്ടി മുതൽ കണ്ടെടുത്തു

Read Next

ഫേസ്ബുക്ക് പോസ്റ്റ് മർദ്ദനക്കേസ്സിൽ സ്ഥലത്തില്ലാത്തവർ പ്രതികൾ