കഞ്ചാവ് വിൽപ്പന സംഘം റിമാന്റിൽ

കാഞ്ഞങ്ങാട് : കഞ്ചാവുമായി കാറിൽ കറങ്ങുന്നതിനിടെ പിടിയിലായ യുവാക്കൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് എൻഡിപിഎസ് ആക്ട്  പ്രകാരം കേസെടുത്തു. ഇന്നലെ പുലർച്ചെ 1.10 മണിക്ക് പടന്നക്കാട് മൂലപ്പള്ളി നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപത്താണ് ഹോസ്ദുർഗ്ഗ് പോലീസ് കഞ്ചാവ് പിടികൂടിയത്.

ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷും സംഘവും നടത്തിയ പരിശോധനയിലാണ് കാറിൽ കഞ്ചാവുമായി കറങ്ങുന്ന യുവാക്കളെ പിടികൂടിയത്. വിൽപ്പന ലക്ഷ്യമിട്ടാണ് യുവാക്കൾ കാറിൽ കഞ്ചാവുമായി കറങ്ങി നടന്നത്. പടന്നക്കാട് കരുവളം കനകാലയത്തിലെ കെ. സുരേഷ്കുമാർ 29, ബല്ലാ കടപ്പുറം കുഞ്ഞനത്ത് ഹൗസിലെ കെ.എച്ച്. ഷംസുദ്ദീൻ 37, എന്നിവരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് 220 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

കെഎൽ 60 ടി. 4521 നമ്പർ റജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലാണ് യുവാക്കൾ കഞ്ചാവ് കടത്തിയത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. രണ്ടുപേരെയും കോടതി റിമാന്റ് ചെയ്തു. ജില്ലയിൽ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വേട്ട ശക്തമാക്കിയതോടെ ലഹരി മാഫിയാ സംഘത്തിലുൾപ്പെട്ട നിരവധി പേർ നിയമത്തിന്റെ വലലയിലായിട്ടുണ്ട്.

മയക്കു മരുന്നിന്റെ വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാന തലത്തിൽ നടക്കുന്ന ലഹരി വേട്ടയിൽ ദിനംപ്രതി നൂറ് കണക്കിന് കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെടുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ജില്ലയിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയും നിർദ്ദേശം നൽകിയിട്ടുണ്ട്.

LatestDaily

Read Previous

മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയില്‍

Read Next

ബ്ലോക്ക് സമ്മേളനത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് വിദേശത്ത്