കാഞ്ഞങ്ങാട് നഗര ബജറ്റ് : 15 കോടി മിച്ചം

കാഞ്ഞങ്ങാട് : 76, 78, 65, 557 രൂപ വരവും 61,82,14,432 രൂപ ചിലവും 14,96,51,125 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഇന്ന് രാവിലെ 10-30-ന് ചെയർപേഴ്സൺ കെ.വി. സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയാണ് ബജറ്റ് നിർദ്ദേശങ്ങളവതരിപ്പിച്ചത്.

പലപ്പോഴായി മാറ്റി വെച്ച മാസ്റ്റർ പ്ലാൻ ചർച്ചകൾ പുനരാരംഭിച്ച് സമഗ്ര ചർച്ചകളിലൂടെ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി പഠന പ്രക്രിയ ഉറപ്പാക്കാനും, മികച്ച സ്കൂൾ ബന്ധം പുനഃസ്ഥാപിക്കാനും നടപടിയുണ്ടാവുമെന്നും പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ വൈസ് ചെയർമാൻ പറഞ്ഞു.

ആരോഗ്യ പരിപാലന രംഗത്ത് അനുകരണീയമായ സംരംഭ മാതൃകയായ കുടുംബശ്രീ സാന്ത്വനം നഗരസഭാ പരിധിയിൽ നടപ്പാക്കും, കുടുംബശ്രീ നേതൃത്വത്തിൽ വയോജന സേവനങ്ങളും രോഗി പരിചരണവും നൽകാനും പരിശീലനം ലഭിച്ച ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തന സജ്ജമാക്കും. നഗരസഭ പരിധിയിൽ കായിക വികസനത്തിനായി നഗരസഭാതല സ്പോർട്സ് കൗൺസിൽ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്.

വാഴുന്നൊറൊടി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ നടപടിയെടുക്കും. നഗരത്തിൽ സമഗ്രമായ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കും. അലാമിപ്പള്ളി ബസ് സ്റ്റാന്റ് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കും. റവന്യൂ വകുപ്പുമായി സഹകരിച്ച് കണ്ണൂർ സർവ്വകലാശാലയുടെ നോളേജ് സിറ്റി പദ്ധതി നടപ്പിലാക്കും. ഹൊസ്ദുർഗ്ഗ് ഷോപ്പിംഗ് കോംപ്ലക്സിലെ പഴകി ദ്രവിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആധുനിക രീതിയിൽ ടൗൺഹാളും മറ്റു സംവിധാനങ്ങളുമേർപ്പെടുത്തും തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് നിർദ്ദേശങ്ങൾ.

ഒരു പുതിയ നഗരസഭയുടെ സൃഷ്ടിക്കായി ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സങ്കുചിത ചിന്തകൾക്കും പ്രാദേശിക മനോഭാവങ്ങൾക്കും അതീതമായ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല ബജറ്റ് അവതരണത്തിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.

LatestDaily

Read Previous

സഹോദരനെ മർദ്ദിച്ചതിന് പരേതനെതിരെ കേസ്

Read Next

വായ്പയെടുത്ത വാഹനം മറിച്ചുവിറ്റു