തായന്നൂർ കവർച്ച തൊണ്ടി മുതൽ കണ്ടെടുത്തു

അമ്പലത്തറ : തായന്നൂരിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണവും മൊബൈൽ ഫോണും അന്വേഷക സംഘം  കാസർകോട്ട് നിന്നും കണ്ടെടുത്തു. കേസ്സിൽ പിടിയിലായ  മഞ്ജുനാഥനെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. കാടിനുള്ളിൽ ഒളിവിൽക്കഴിയുന്ന കറുക വളപ്പിൽ അശോകനും മഞ്ജുനാഥനും ചേർന്നാണ് തായന്നൂരിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും സ്വർണ്ണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. പ്രസ്തുത സംഭവത്തിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ മഞ്ജുനാഥനെ പോലീസ് മടിക്കൈയിലെ ഒളിവ്  സങ്കേതത്തിൽ നിന്നും പിടികൂടിയിരുന്നു.

സ്വകാര്യ ബസ്സ് കണ്ടക്ടറായ മഞ്ജുനാഥനും, കറുകവളപ്പിൽ അശോകനും ചേർന്നാണ് തായന്നൂർ അശ്വതി നിവാസിൽ പ്രഭാകരന്റെ വീട്ടിൽ നിന്നും സ്വർണ്ണവും മൊബൈൽ ഫോണും കവർന്നത്. ഇതിൽ ഒരു മൊബൈൽ ഫോണും, സ്വർണ്ണാഭരണങ്ങളുമാണ്  മഞ്ജുനാഥൻ കാസർകോട്ട് വിറ്റത്. മോഷണക്കേസിൽ റിമാന്റിലുള്ള മഞ്ജുനാഥനെ ഒരു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസിൽ തൊണ്ടി മുതൽ കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിൽ വിട്ടത്. മഞ്ജുനാഥനെ കഴിഞ്ഞ  ദിവസം  തന്നെ കോടതി യിൽ ഹാജരാക്കി വീണ്ടും റിമാന്റ് ചെയ്തു. അതിനിടെ മഞ്ജുനാഥന്റെ കൂട്ടാളിയും മോഷണ സംഘത്തിന്റെ തലവനുമായ കറുക വളപ്പിൽ  അശോകന് വേണ്ടി പോലീസിന്റെ അന്വേഷണം തുടരുകയാണ്.

പലയിടങ്ങളിലായി അശോകനെ കണ്ടെന്ന് നാട്ടുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും മോഷ്ടാവിനെ ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. തായന്നൂരിലെ കവർച്ചയ്ക്ക് പുറമെ രണ്ട് കവർച്ചാ കേസുകളിൽ കൂടി അശോകൻ പ്രതിയാണ്. മടിക്കൈയിൽ വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ പ്രതിയായ അശോകന് വേണ്ടി നാട്ടുകാരും പോലീസും ദിവസങ്ങളായി തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

LatestDaily

Read Previous

ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി

Read Next

സിപിഎം കാഞ്ഞങ്ങാട് ഏസി പിടിച്ചടക്കാൻ വിഭാഗീയത ഉണ്ടാക്കിയെന്ന് പാർട്ടി റിവ്യൂ റിപ്പോർട്ടിംഗ്