വാഹനത്തട്ടിപ്പ്: വൈദികനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സ്

ചിറ്റാരിക്കാൽ : വാഹനം  പകുതി വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് നൂറുകണക്കിനാൾക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത  വൈദീകനും കൂട്ടാളിക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ഈസ്റ്റ് എളേരി ചിറ്റാരിക്കാൽ മണ്ഡപത്ത് പ്രവർത്തിക്കുന്ന ഒ.സി.ഡി ആശ്രമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. പാലാവയൽ കരിക്കുന്നിൽ ഹൗസിൽ ബെന്നീ സെബാസ്റ്റ്യനാണ് മണ്ഡപം ഒ.സി.ഡി ആശ്രമത്തിലെ വൈദീകനായ ഫാ: തോമസ് മണ്ണം പറമ്പിൽ 45, കൂട്ടാളി കണ്ണൂർ കേളകം സ്വദേശി ജിജേഷ്.കെ. എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയത്.

2020 ലാണ് ഫാ:തോമസ് പകുതി വിലയ്ക്ക് പുതിയ ആൾട്ടോ 800 കാർ നൽകാമെന്ന് വിശ്വസിപ്പിച്ച് ബെന്നീസെബാസ്റ്റ്യനിൽ നിന്നും 1,85,000 രൂപ തട്ടിയെടുത്തത്. വൈദീകന്റെ നിർദ്ദേശ പ്രകാരം ജിജേഷിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം നടത്തിയത്. ചാരിറ്റിയുടെ ഭാഗമായി പകുതി വിലയ്ക്ക് പുതിയ വാഹനം നൽകാമെന്ന്  വിശ്വസിപ്പിച്ചാണ് വൈദീകൻ ബെന്നി സെബാസ്റ്റ്യനെ പ്രലോഭനത്തിൽ കുടുക്കിയത്.

പണം കൈമാറി രണ്ടു വർഷം കഴിഞ്ഞിട്ടും വാഹനം ലഭിക്കാത്തതിനെ തുടർന്നാണ് ബെന്നി പോലീസിൽ പരാതിയുമായെത്തിയത്. പലരിൽ നിന്നായി പണം വാങ്ങി അതിൽ വിരലിലെണ്ണാവുന്നവർക്ക് പുതിയ വാഹനം നൽകിയാണ് വൈദികൻ തട്ടിപ്പ് നടത്തിയത്. ചിറ്റാരിക്കാൽ, ചെറുപുഴ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ് കണക്കിനാളുകൾ  തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്   ബെന്നി സെബാസ്റ്റ്യൻ പറയുന്നത്.

LatestDaily

Read Previous

നാല് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു

Read Next

കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ഇന്നും പണിമുടക്കി