അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

ബദിയടുക്ക: മദ്യലഹരിയിലുണ്ടായ കുടുംബ വഴക്കിനെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ ഷേണിഉപ്പളിഗെയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഉപ്പളിഗെയിലെ ബൽത്തീസ് ഡിസൂസ- അസസ് മേരി ദമ്പതികളുട മകൻ  തോമസ് ഡിസൂസയെയാണ് 42, അനുജൻ രാജേഷ് ഡിസൂസ 38, വെട്ടിക്കൊന്നത്. തോമസ്  ഡിസൂസ ജ്യേഷ്ഠനായ വിൻസന്റ് ഡിസൂസയെ 60, മർദ്ദിച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിൽ മധ്യസ്ഥ്യം വഹിക്കാനെത്തിയ  ബന്ധു വിൽഫ്രഡ് ഡിസൂസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.

രാജേഷ് ഡിസൂസ സഹോദരൻ തോമസ് ഡിസൂസയെ ആറ് തവണ വെട്ടിപ്പരിക്കേൽപ്പിച്ചു.  കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  പഞ്ചായത്ത് പ്രസിഡന്റ്  സോമശേഖരയുടെ നേതൃത്വത്തിലാണ്  ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.  വെട്ടേറ്റ തോമസ് സംഭവസ്ഥലത്ത് തന്നെ  മരിച്ചു. ബദിയടുക്ക എസ്ഐ, കെ.പി വിനോദ്കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘം പ്രതി രാജേഷ് ഡിസൂസയെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.

തോമസ് ഡിസൂസ ജ്യേഷ്ഠൻ വിൻസന്റ് ഡിസൂസയുടെ മുഖത്തടിച്ചതാണ് തർക്കങ്ങളുടെ  തുടക്കം. പ്രതി രാജേഷ് ഡിസൂസ ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും  തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരുടെയും  ബന്ധുവായ  വിൽഫ്രഡ് ഡിസൂസ പ്രശ്നത്തിലിടപെട്ടപ്പോൾ തോമസ് ഇദ്ദേഹത്തെയും മർദ്ദിച്ചു. ഇതിൽ പ്രകോപിതനായാണ് രാജേഷ് ഡിസൂസ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് തുരുതുരെ വെട്ടിയത്. കഴുത്തിനും, തലയ്ക്കും, വയറിനും, മുഖത്തുമായി ആറോളം വെട്ടുകളേറ്റാണ് തോമസ് ഡിസൂസ മരിച്ചത്. വെട്ടേറ്റ ഇദ്ദേഹം വീട്ടുമുറ്റത്ത് തന്നെ മരിച്ചു വീണു.

കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ രാജേഷ് ഡിസൂസയ്ക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മധ്യസ്ഥ ശ്രമത്തിനിടെ വെട്ടേറ്റ രാജേഷ് ഡിസൂസ പരിയാരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Read Previous

വളർത്ത് പക്ഷികളെ മോഷ്ടിച്ചു

Read Next

വായ്പയെടുത്ത വാഹനം മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ