വായ്പയെടുത്ത വാഹനം മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ

കാഞ്ഞങ്ങാട്: ഫിനാൻസ് കമ്പനിയിൽ നിന്ന് വായ്പയെടുത്ത വാഹനം  വ്യാജ നമ്പർ പതിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ . വയനാട് വൈത്തിരി പൂക്കോട് സ്വദേശിയും പൂക്കോട് തടാകത്തിലെ ട്രെയിനറുമായ പ്രജോഭ് 28, കോഴിക്കോട് കുന്ദമംഗലം സ്വദേശി സൗരഭ് 24, എന്നിവരെയാണ്

ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ എസ് ഐ.ബാവ അക്കരക്കാരൻ, എ.എസ്.ഐ.ജോസഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. തട്ടിപ്പ് സംഘത്തിലെ ഇരുവരെയും വയനാട്ടിലാണ് പോലീസ് സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപ വരെ വിലയ്ക്കെടുത്ത വാഹനം ഫിനാൻസ് കമ്പനി അറിയാതെ ഒ എൽ എക്സ് മാതൃകയിൽ 25,000 രൂപയ്ക്കാണ് ഇവർ വ്യാജ നമ്പർ പതിച്ച് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസമ്പർ 6 ന് അതിഞ്ഞാലിൽ മുഹമ്മദ് മിജാദ് എന്ന കുട്ടിയുടെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റാണെന്ന് തിരിച്ചറിഞ്ഞത്.

സ്വകാര്യ ഫൈനാൻസുകാരെ കബളിപ്പിച്ച് തട്ടിപ്പു നടത്തി വിലസുന്ന വൻ സംഘത്തെയാണ് ഇതോടെ കണ്ടെത്തിയത്. നേരത്തെ കേസിൽ പനമരം ചെറുകാട്ടൂർ കൈതക്കൽസ്വദേശി കെ.ഇർഫാൻ 19, കാഞ്ഞങ്ങാട് പെരിയ കാണിയാങ്കുണ്ടിലെ പി.എസ്. യദുനന്ദൻ 21 എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

LatestDaily

Read Previous

അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

Read Next

വിദ്യാർത്ഥിയെ അഞ്ചംഗ സംഘം മർദ്ദിച്ചു