ജില്ലാ പഞ്ചായത്തംഗത്തെയും കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ നരഹത്യാശ്രമക്കേസ്സ്

വിദ്യാനഗർ : കാസർകോട് ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയെയും, കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ വിദ്യാനഗർ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 6 മണിയോടെയാണ് ജില്ലാ പഞ്ചായത്തംഗത്തിനും, കുടുംബത്തിനും നേരെ ഏർമാളത്ത് ആക്രമണമുണ്ടായത്.

തോട് കയ്യേറി കരഭിത്തി കെട്ടിയതിനെക്കുറിച്ച് പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ഇന്നലെ ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, പിതാവ് ഹസൻ 60, സഹോദരന്മാരായ സുൽത്താൻ 20, ഷാഹുൽ ഹമീദ് 22, മുഹ്്യദ്ദീൻ സ്വാലിഹ് 19 എന്നിവരെ ഏഴംഗ സംഘം ആക്രമിച്ചത്. ഏർമാളത്തെ ലീഗ് പ്രവർത്തകൻ കരിമ്പനം അബൂബക്കറിന്റെ നേതൃത്വത്തിൽ റവന്യൂ ഭൂമിയിലുള്ള തോട് കയ്യേറി കരഭിത്തി കെട്ടിയതിനെതിരെ ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഷംനയ്ക്കും, കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നു.

ഭീഷണിപ്പെടുത്തിയവർക്കെതിരെ ജില്ലാ പഞ്ചായത്തംഗം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിൽ ഷംനയുടെ സഹോദരനും, പ്ലസ്ടു വിദ്യാർത്ഥിയുമായ മുഹയുദ്ദീൻ സ്വാലിഹിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാലിഹിന്റെ പരാതിയിൽ മുട്ടത്തൊടിയിലെ  മമ്മാലി, അബൂബക്കർ, സവാദ്, അബ്ദുൾ ഖാദർ എന്നിവർക്കെതിരെയാണ് വിദ്യാനഗർ പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ജില്ലാ പഞ്ചായത്തംഗമായ ഫാത്തിമത്ത് ഷംന എസ്എഫ്ഐ ജില്ലാ സിക്രട്ടറിയേറ്റംഗം കൂടിയാണ്. ഇവർക്കും കുടുംബാംഗങ്ങൾക്കുമെതിരെയുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തംഗത്തെയും കുടുംബത്തെയും ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം കാസർകോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

LatestDaily

Read Previous

പീഡന ശ്രമം : മദ്രസാധ്യാപകനെതിരെ പോക്സോ

Read Next

ഫോൺ നന്നാക്കാൻ പോയ യുവാവിനെ കാണാനില്ല