നഗരസഭാധ്യക്ഷയെ അധിക്ഷേപിച്ചതിന് വത്സൻ പിലിക്കോടിനെതിരെ കേസ്സ്

നീലേശ്വരം : നീലേശ്വരം നഗരസഭാധ്യക്ഷയ്ക്കെതിരെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ നീലേശ്വരം പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തു. അധ്യാപകനും, പ്രഭാഷകനുമായ വത്സൻ പിലിക്കോടാണ് നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്തയെ ഫേസ്ബുക്ക് പോസ്റ്റ് വഴി വംശീയമായി അധിക്ഷേപിച്ചത്. പ്രസ്തുത സംഭവത്തിൽ ടി.വി. ശാന്ത മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.

നീലേശ്വരം നഗരസഭാ ബസ് സ്റ്റാന്റിനകത്തെ ശുചിമുറി സംവിധാനങ്ങളെക്കുറിച്ച് നഗരസഭാ ഭരണ സമിതിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട വത്സൻ പിലിക്കോട് നഗരസഭാധ്യക്ഷയെ തരംതാണ ഭാഷയിലാണ്  വിമർശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ എന്നീ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.

നഗരസഭാ ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫിയെയും വത്സൻ പിലിക്കോട് ശക്മായി വിമർശിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ നീലേശ്വരം നഗരസഭാധ്യക്ഷ കക്ക വാരാൻ പോകാൻ മാത്രം യോഗ്യതയുള്ളയാളാണെന്ന വിധത്തിലാണ് സാംസ്ക്കാരിക പ്രഭാഷകൻ കൂടിയായ വത്സൻ പിലിക്കോട് കുറിപ്പിട്ടത്. സിപിഐ സഹയാത്രികനായ വത്സൻ പിലിക്കോട് നീലേശ്വരം നഗരസഭാധ്യക്ഷയ്ക്കെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെ സിപിഐ കൗൺസിലറടക്കമുള്ള നഗരസഭാ ഭരണ സമിതി പ്രതിഷേധ പ്രമേയവും പാസ്സാക്കിയിരുന്നു.

2022 മാർച്ച് 7-നാണ് നീലേശ്വരം നഗരസഭാധ്യക്ഷയ്ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വത്സൻ പിലിക്കോട് പുറത്തുവിട്ടത്. ഇൗ പോസ്റ്റാണ് നഗരസഭാധ്യക്ഷയുടെ പരാതിക്കാധാരം. പ്രതികരിക്കാനും, പ്രതിഷേധിക്കാനും ആർക്കും അവകാശമുണ്ടെങ്കിലും, വത്സൻ പിലിക്കോട് നഗരസഭാധ്യക്ഷയ്ക്കെതിരെ നടത്തിയ പ്രയോഗം സംസ്ക്കാര ശൂന്യമാണെന്നാണ് പൊതുവികാരം.

LatestDaily

Read Previous

മധ്യവയസ്ക്കൻ നഗരസഭാ ബസ്സ് സ്റ്റാന്റിൽ തൂങ്ങിമരിച്ചു

Read Next

പീഡന ശ്രമം : മദ്രസാധ്യാപകനെതിരെ പോക്സോ