പൂരക്കളി പണിക്കരുടെ വിലക്ക് കാലഘട്ടത്തിന് യോജിച്ചതല്ല, എം. വി. ജയരാജൻ കരിവെള്ളൂരിൽ

പയ്യന്നൂർ: ക്ഷേത്രഅനുഷ്ഠാന കലകള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ലെന്നും, ഒന്നിപ്പിക്കാനുള്ളതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പൂരക്കളി പണിക്കരെ വിലക്കിയ സാഹചര്യത്തിൽ ഇന്നുരാവിലെ കരിവെള്ളൂർ കുതിരുമ്മലിലെ വിനോദ് പണിക്കരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങള്‍  കൂട്ടായ്മയിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്. മിശ്രവിവാഹമെന്നത് വ്യക്തിപരമായ വിഷയവുമാണ്. അത് സമൂഹത്തിനേയോ ആചാരനുഷ്ഠാനങ്ങളോ യോ നശിപ്പിക്കുന്നതല്ല. ആധുനിക കാലഘട്ടത്തിന് തികച്ചും യോജിക്കാത്ത തീരുമാനമാണ് ക്ഷേത്രക്കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഭാരവാഹികളില്‍ ചിലരുടെ തീരുമാനം  സമൂഹത്തെ മുഴുവനും അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ല. എന്നാൽ മറ്റുചില ക്ഷേത്രങ്ങള്‍ പണിക്കരെ പൂരക്കളിക്കായി ക്ഷണിക്കുന്നുവെന്നത് ആശാവഹമാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി. സന്തോഷ്, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍, നേതാക്കളായ കെ. നാരായണൻ, എ വി.സുകുമാരൻ, കെ.രമേശൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മകന്‍ മതംമാറി വിവാഹം  കഴിച്ചതിനെ തുടര്‍ന്ന് പൂരക്കളി കലാകാരനുള്ള ഫോക്ക്ലോർ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ കരിവെള്ളൂരിലെ എന്‍.വിനോദ് പണിക്കര്‍ക്ക് പൂരക്കളി കളിക്കുന്നതിന് കരിവെള്ളൂര്‍ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രക്കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. നാലുവര്‍ഷം മുമ്പാണ് മകന്‍ വിവാഹം കഴിച്ചത്. ഒരുമാസം മുമ്പാണ് കുണിയന്‍ ക്ഷേത്രം പണിക്കരെ ഒഴിവാക്കിയതായി അറിയിച്ചത്.ഇക്കാര്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ വിവാദമാകുകയായിരുന്നു.

LatestDaily

Read Previous

അറേബ്യൻ ജ്വല്ലറി പൂട്ടി

Read Next

മോഷണശ്രമം: തമിഴ്നാട് സ്വദേശി റിമാന്റിൽ