കരിവെള്ളൂരിൽ പൂരക്കളിപ്പണിക്കർക്ക് വിലക്ക്; സിപിഎം ഇടപെട്ടു

കാഞ്ഞങ്ങാട് : കരിവെള്ളൂരിൽ പൂരക്കളി പണിക്കർക്ക് വിലക്കേർപ്പെടുത്തിയ ജാതി യാഥാസ്ഥിതികർക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ നൽകിയത് ശക്തമായ താക്കീത്. മകൻ ഇതര മതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരിൽ പൂരക്കളി കലാകാരന് വിലക്കേർപ്പെടുത്തിയ സംഭവം ക്രിമിനൽ കുറ്റമാണെന്ന്   ഇ.പി.ജയരാജൻ  പ്രഖ്യാപിച്ചു.

സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കരിവെള്ളൂരിൽ ജാതിയുടെ പേരിലുണ്ടായ വിലക്ക് പാർട്ടിക്ക് അപമാനമായ സാഹചര്യത്തിലാണ്  ഇ.പി.ജയരാജൻ വിഷയത്തിൽ ശക്തമായ പ്രതികരിച്ചത്. കേരളത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലോട്ട് കൊണ്ടുപോകുന്ന തരത്തിലാണ് കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ പൂരക്കളി കലാകാരനായ വിനോദ് പണിക്കർക്കെതിരെ ജാതിയുടെ പേരിൽ ഭ്രഷ്ട് കൽപ്പിച്ചത്.  കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി മറുത്തുകളി പണിക്കരായ വിനോദിനെ പൂരോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതരമതസ്ഥയെ വിവാഹം കഴിച്ച മകൻ താമസിക്കുന്ന വീട്ടിൽ നിന്നും വിനോദ് പണിക്കരെ കൂട്ടിക്കൊണ്ട് പോകാനാവില്ലെന്നതായിരുന്നു കുണിയൻ ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം.

ബദൽ മാർഗ്ഗമെന്ന  നിലയിൽ പണിക്കരെ വേറൊരു വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാമെന്ന് ക്ഷേത്രം ഭാരവാഹികൾ നിർദ്ദേശിച്ചെങ്കിലും  വിനോദ് പണിക്കർ അതിന് തയ്യാറായില്ല.  ഇതോടെയാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ വിനോദ് പണിക്കർ പൂരക്കളി അവതരിപ്പിക്കേണ്ടെന്ന് ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്.  വിനോദിനെ അനുകൂലിച്ച്  ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് സംഭവം  പുറം ലോകമറിഞ്ഞത്.

കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും വിനോദ് പണിക്കർക്ക് അനുകൂലമായ നിലപാട് എടുത്തെങ്കിലും യാഥാസ്ഥിതികരായ  ചിലർ ഇതിനെ ശക്തമായി എതിർത്തു. ഇതോടെ ജ്യോത്സ്യനെ വിളിച്ചാണ് അന്തിമ തീരുമാനമെടുത്ത് വിനോദ് പണിക്കർക്കെതിരെ വിലക്കേർപ്പെടുത്തിയത്. അതേസമയം യാഥാസ്ഥിതിക വിഭാഗവും  ജ്യോത്സ്യനും ഒത്തുകളിച്ചുവെന്ന  ആക്ഷേപമുയർന്നു.

കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി ശക്തമായ ജാതിഭ്രമം വേരുപിടിച്ചിട്ടുണ്ട്. സമുദായ ബോധം വേരുറപ്പിച്ച കരിവെള്ളൂരിലെ പല ക്ഷേത്രങ്ങളിലും ഇതിന്റെ പ്രകടമായ ഉദാഹരണങ്ങൾ കണ്ടുതുടങ്ങിയതായും  പുരോഗമനവാദികൾ പറയുന്നു. സിപിഎമ്മിന്  ശക്തമായ വേരോട്ടമുള്ള കരിവെള്ളൂരിൽ യാഥാസ്ഥിതിക ചിന്തകൾ വർധിച്ചു വരുന്നതിനെ പ്രതിരോധിക്കാൻ പാർട്ടി തയ്യാറായിട്ടില്ലെന്നും വിമർശനമുണ്ട്. വോട്ട് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു. 

Read Previous

നവജാത ശിശു മരിച്ചു

Read Next

അറേബ്യൻ ജ്വല്ലറി പൂട്ടി