അശോകനെ തെരയാൻ കൂടുതൽ പോലീസ്

കാഞ്ഞങ്ങാട്: മടിക്കൈ പ്രദേശത്തിന്റെ സ്വാസ്ഥ്യം കെടുത്തിയ മോഷ്ടാവ് കറുകവളപ്പിൽ അശോകന് വേണ്ടിയുള്ള തെരച്ചിൽ കൂടുതൽ ശക്തമാക്കാൻ പോലീസ് തീരുമാനം. പോലീസിന്റെ നാല് ടീമുകൾ ഇന്ന് മുതൽ ഒരേ സമയം മടിക്കൈയിലെ കാടുകൾ അരിച്ച് പെറുക്കും. നാല് വഴികളിൽ ഒരേസമയം നടക്കുന്ന തെരച്ചിൽ വഴി അശോകനെ പുകച്ച് പുറത്ത് ചാടിക്കാനാണ് പോലീസിന്റെ തീരുമാനം.

ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ, മടിക്കൈയിൽ നേരിട്ടെത്തി തെരച്ചിൽ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഇന്നലെ രാത്രിയിലും നാട്ടുകാരുടെ സംഘം അശോകന് വേണ്ടി മടിക്കൈ കുന്നുകളിൽ തെരച്ചിൽ നടത്തി. അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത 2 കവർച്ചാ കേസ്സുകളിലും ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ  ചെയ്ത ഒരു കവർച്ചാ കേസ്സിലും പ്രതിയാണ് കറുകവളപ്പിൽ അശോകൻ.

മടിക്കൈയുടെ ഭൂമിശാസ്ത്രം ഗൂഗിൾ മാപ്പിനേക്കാൾ കൂടുതലറിയാവുന്ന അശോകനെ തേടിയുള്ള തെരച്ചിൽ പോലീസിന് അത്രയ്ക്ക് ആയാസരഹിതമല്ല. ഡ്രോൺ ക്യാമറയുടെ കണ്ണ് വെട്ടിച്ച് കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന യുവാവ് മടിക്കൈ കുന്നുകളിലെ പാറയിടുക്കുകളിൽ സുരക്ഷിത താവളം കണ്ടെത്തിയിട്ടുണ്ടാവാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. പോലീസിന്റെ ആന്റി ഗുണ്ടാ സ്ക്വാഡ് അടക്കം തെരച്ചിലിൽ പങ്കാളികളാണെങ്കിലും, അശോകനെ കണ്ടെത്താനായില്ല.

ഇന്ന് മുതൽ തെരച്ചിലിന് കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ ലേറ്റസ്റ്റിനെ അറിയിച്ചു. മടിക്കൈ കാട്ടിൽ നിന്നും പുറത്ത് വരാനുള്ള വഴികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് അശോകനെ കാട്ടിനുള്ളിൽത്തന്നെ പൂട്ടി വലയിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. മാർച്ച് 8 നാണ് അശോകൻ കാഞ്ഞിരപ്പൊയിൽ കറുകവളപ്പിലെ ചുമട്ടുതൊഴിലാളി അനിലിന്റെ ഭാര്യ വിജിതയെ അടിച്ചുവീഴ്ത്തി 2 പവൻ സ്വർണ്ണവും മൊബൈൽ ഫോണും കവർന്നത്. അന്ന് മുതൽ മടിക്കൈ ദേശവാസികൾ അശോകനെ പിടികൂടാൻ കണ്ണിലെണ്ണയൊഴിച്ച് പോലീസിനൊപ്പമുണ്ട്.

അശോകന് വേണ്ടി തെരച്ചിൽ നടക്കുമ്പോഴും, യുവാവിനെപ്പറ്റി കുറ്റാന്വേഷണ സിനിമാക്കഥകളെ വെല്ലുന്ന  അപസർപ്പക കഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. നാട്ടിൽ പ്രചരിക്കുന്ന വ്യാജ കഥകളിലൊന്ന് അശോകൻ ഒരേസമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ കഴിവുള്ളവനാണ്. അശോകൻ ഭക്ഷണമന്വേഷിച്ച് പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നും സംശയമുണ്ട്.

മടിക്കൈ ഗ്രാമത്തിന്റെ വാമൊഴിക്കഥകളിലൂടെ കാഞ്ഞിരപ്പൊയിൽ പെരളത്ത് വീട്ടിൽ അശോകനെന്ന  അഭിക്ക് കാട്ടുകള്ളൻ വീരപ്പന്റെ പരിവേഷവും കിട്ടിയിട്ടുണ്ട്. അശോകന് വേണ്ടി പോലീസ് വല മുറുക്കിയതോടെ യുവാവ് ഉടൻ പോലീസൊരുക്കിയ വലയിൽ വീഴുമെന്നാണ് മടിക്കൈ നിവാസികളുടെ പ്രതീക്ഷ.

LatestDaily

Read Previous

ലഹരിവിപത്തിനെതിരെ ഉണർവ്വ്

Read Next

പൂച്ചക്കാട്ട് പതിമൂന്നുകാരനെ പീഡിപ്പിച്ചു