മന്ത്രി ദേവർകോവിൽ വിഭാഗീയ നേതാവെന്ന് വഹാബ്; മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് മന്ത്രി

കാഞ്ഞങ്ങാട് : തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് പറയുകയും, ദേശീയ സമിതിയെ അംഗീകരിക്കുകയും ചെയ്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് ഐഎൻഎൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ദേശീയ സമിതി എടുത്ത തീരുമാനം അന്തിമമായതിനാൽ പുറത്താക്കിയവരെ സംബന്ധിച്ച അധ്യായം അവസാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും വിവിധ സംസ്ഥാനങ്ങളിൽ കമ്മിറ്റികളുള്ളതുമായ സംഘടനയാണ് ഐഎൻഎൽ. അതിന്റെ സംസ്ഥാന കമ്മിറ്റിയെന്ന നിലയിലാണ് ഇടതുമുന്നണിയിൽ ഘടക കക്ഷിയായത്.

ഇടതുമുന്നണി നേതൃത്വത്തിന് ഇത് സംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. 15-ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് യോഗ ദിവസം വ്യക്തമാകുമെന്ന് മന്ത്രി ദേവർ കോവിൽ മറുപടി നൽകി. അതേസമയം, മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ രൂക്ഷമായ വിമർശനമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഏ.പി. അബ്ദുൾ വഹാബ് നടത്തിയത്. മറ്റു മന്ത്രിമാർ വികസന പ്രവർത്തനം നടത്തുമ്പോൾ മന്ത്രി ദേവർകോവിൽ വിഭാഗീയതക്ക് നേതൃത്വം നൽകുന്നതായി വഹാബ് ആരോപിച്ചു.

മന്ത്രിയുടെ കാര്യത്തിൽ ഇടതുമുന്നണി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും, പരാതിപ്പെടില്ലെന്നും വഹാബ് പറഞ്ഞു. ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയംഗമായ തന്നെ ഇടതുമുന്നണി മന്ത്രി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് തരം താണ പണിയാണെന്ന് വഹാബ് ആരോപിച്ചു. 15-ലെ ഇടതുമുന്നണി നേതൃയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഐഎൻഎൽ ഒന്നായി നിന്നാൽ മാത്രമെ ഇടതുമുന്നണിക്കകത്ത് ഉണ്ടാകുകയുള്ളുവെന്ന് സിപിഎം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വഹാബിന്റെ മറുപടി. 17-ന് ജില്ലാ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ സംഗമം നടത്തുമെന്ന് വബാഹ് പക്ഷം നേതാക്കൾ അറിയിച്ചു.

Read Previous

മുദിയക്കാൽ പ്രവാസിയുടെ വീട്ടിൽ നടന്നത് രണ്ടാമത്തെ കവർച്ച

Read Next

ലഹരിവിപത്തിനെതിരെ ഉണർവ്വ്