മുദിയക്കാൽ പ്രവാസിയുടെ വീട്ടിൽ നടന്നത് രണ്ടാമത്തെ കവർച്ച

ബേക്കൽ: മുദിയക്കാലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച സംഭവത്തിൽ മോഷ്ടാക്കൾക്കായി അന്വേഷണം ഉൗർജ്ജിതമാക്കി. മാർച്ച് 13-ന് രാത്രിയാണ് ഉദുമ നഴ്സിംഗ് ഹോം എം.ഡിയും മുൻ അധ്യാപകനുമായ ടി. നാരായണൻ മാസ്റ്ററുടെ മകളുടെ ഭർത്താവിന്റെ വീട്ടുമുറ്റത്ത് നിന്നും 14 ലക്ഷം രൂപ വിലമതിക്കുന്ന നിസാൻ കാർ കാണാതായത്. പാലക്കുന്ന് – തച്ചങ്ങാട് റോഡരികിൽ മുദിയക്കാലിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്നാണ് കാർ മോഷ്ടിക്കപ്പെട്ടത്.

മുദിയക്കാലിലെ പ്രവാസി സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 60 എം 1200 നമ്പർ നിസാൻ കാറാണ് കാണാതായത്. പൂട്ടിയിട്ട ഗേയ്റ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രിൽ തകർത്ത ശേഷം അടുക്കള വാതിൽ കുത്തിത്തുറന്നാണ് വീടിനുള്ളിൽ കയറിയത്.

വീട്ടിനുള്ളിൽ കയറിയ മോഷ്ടാക്കൾ അലമാരകളിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും പണമോ, സ്വർണ്ണമോ ഒന്നും കിട്ടിയില്ല. തുടർന്ന് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോൽ കൈവശപ്പെടുത്തി കാറുമായി കടന്നുകളയുകയായിരുന്നു. നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടാക്കൾ കൊണ്ടുപോയി.

സുനിൽകുമാറിന്റെ  ഭാര്യയും നാരായണൻ മാസ്റ്റുടെ മകളുമായ ടി.എൻ. അജിതയാണ് വീട്ടിൽ താമസിക്കുന്നത്. മാതാവിന് സുഖമില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ ഇവർ തൊട്ടടുത്ത സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ചയും പതിവുപോലെ അജിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കള്ളന്മാർ കയറിയ വിവരം ഇവർ അറിഞ്ഞത്. 2017 ഡിസംബർ 22-നും സമാനമായ രീതിയിൽ ഇവരുടെ വീട്ടിൽ മോഷണം നടന്നിരുന്നു.

അന്നും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നാണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ നിന്നും 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധനകൾ നടത്തിയിരുന്നു. വീട്ടിൽ രാത്രി കാലങ്ങളിൽ ആൾത്താമസമില്ലെന്ന് തിരിച്ചറിഞ്ഞ മോഷ്ടാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

LatestDaily

Read Previous

ഭർതൃമതിയും മാതാവും ഭർതൃഗൃഹത്തിൽ നിരാഹാരം കിടന്നു

Read Next

മന്ത്രി ദേവർകോവിൽ വിഭാഗീയ നേതാവെന്ന് വഹാബ്; മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് മന്ത്രി