വത്സൻ പിലിക്കോടിന്റെ വംശീയാധിേക്ഷപം മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

നീലേശ്വരം : നീലേശ്വരം നഗരസഭാധ്യക്ഷയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പ്രഭാഷകൻ വത്സൻ പിലിക്കോടിനെതിരെ പ്രതിഷേധം ശക്തമായി. നീലേശ്വരം ബസ് സ്റ്റാന്റിലെ ശുചിമുറികളെക്കുറിച്ച് അധ്യാപകനായ വത്സൻ പിലിക്കോട് ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് നഗരസഭാധ്യക്ഷ ടി.വി. ശാന്തയ്ക്കെതിരെ കടുത്ത അധിക്ഷേപമുണ്ടായത്. നീലേശ്വരം നഗരസഭയിലെ അസൗകര്യങ്ങളെക്കുറിച്ച് നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്ക് വ്യാപകമായിപരാതികളുണ്ടെങ്കിലും, നഗരസഭാ ഭരണ സമിതിയെ ആരും ഇന്നേവരെ തരം താണ ഭാഷയിൽ അപഹസിച്ചിട്ടില്ല.

സാംസ്കാരിക പ്രഭാഷകനെന്ന നിലയിൽ ശ്രദ്ധേയനായ വത്സൻ പിലിക്കോടിന്റെ നാവിൽ നിന്നും വന്ന കടുത്ത വംശീയാധിക്ഷേപത്തിനെതിരെ നഗരസഭാ ഭരണ സമിതി ഒറ്റക്കെട്ടായി പ്രതിഷേധ പ്രമേയം പാസാക്കിയിരിക്കുകയാണ്. നഗരസഭാധ്യക്ഷയ്ക്ക് കഴിവില്ലെങ്കിൽ കക്ക വാരാൻ പോകണമെന്നാണ് വത്സൻ പിലിക്കോടിന്റെ ഫേസ് ബുക്ക് കുറിപ്പിലെ വ്യംഗ്യാർത്ഥം. സ്ത്രീ വിരുദ്ധത നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റ് പുറത്തുവിട്ട വത്സൻ പിലിക്കോടിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും രംഗത്തു വന്നിട്ടുണ്ട്. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയും ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധക്കുറിപ്പിറക്കി.

നഗരസഭാ ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫിയെ  കടുത്ത ഭാഷയിൽ വിമർശിച്ചാണ് വത്സൻ പിലിക്കോടിന്റെ ഫേസ്ബുക്ക് കുറിപ്പുകളുടെ തുടക്കം. പടക്ക കച്ചവടക്കാരനാണ് നഗരസഭയുടെ പൈലറ്റെന്നും, ഇവരെയൊക്കെ എന്തിന് കൊള്ളാമെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ഇതിന് പിന്നാലെയാണ് നഗരസഭാധ്യക്ഷ ടി.വി. ശാന്തയെ വംശീയമായി അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക്  കുറിപ്പുണ്ടായത്. വത്സൻ പിലിക്കോടിനെതിരെ നടപടിയാവശ്യപ്പെട്ട് നഗരസഭാധ്യക്ഷ ടി.വി. ശാന്ത മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ, വനിതാ കമ്മീഷൻ, കലക്ടർ, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഭരണ ന്യൂനതകളെക്കുറിച്ചുള്ള വിമർശനങ്ങൾ കേൾക്കാൻ ഭരണ സമിതി ബാധ്യസ്ഥരാണെന്നും, ഏത് വിമർശനത്തെയും ഉൾക്കൊള്ളുന്നുവെന്നും നഗരസഭാ ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു. വത്സൻ പിലിക്കോട് നടത്തിയത് വിമർശനമല്ലെന്നും, വ്യക്തി അധിക്ഷേപവും, വംശീയ വിദ്വേഷവുമാണെന്നും മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു.

സ്ത്രീത്വത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന്റെ കപട സാംസ്കാരിക മുഖംമൂടി അഴിഞ്ഞു വീണതായി ജനാധിപത്യ മഹിളാ അസോസിയേഷൻ ആരോപിച്ചു. തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത്  അധികാരത്തിലെത്തിച്ച നഗരസഭാ ഭരണ സമിതിക്കെതിരെ വത്സൻ പിലിക്കോട് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ അന്തസ്സ് ഇടിച്ചു കളയുന്ന തരത്തിലായെന്നാണ് നീലേശ്വരം നഗര വാസികളുടെ അഭിപ്രായം. സാംസ്കാരിക സംഘടനയുടെ ഭാരവാഹി സ്ഥാനത്തിരുന്ന് സംസ്ക്കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തിയ വത്സൻ പിലിക്കോട് പ്രസ്താവന പിൻവലിച്ച് ക്ഷമ പറയണമെന്നാണ് പൊതുവികാരം.

LatestDaily

Read Previous

മത്സ്യത്തൊഴിലാളിയുടെ മരണത്തിൽകുടുംബം അനാഥമായി

Read Next

വീട്ടമ്മയെ അടിച്ചുവീഴ്ത്തി കവർന്നത് 2 പവൻ സ്വർണ്ണവും മൊബൈൽ ഫോണും