മത്സ്യത്തൊഴിലാളിയുടെ മരണത്തിൽകുടുംബം അനാഥമായി

കാഞ്ഞങ്ങാട് : മത്സ്യത്തൊഴിലാളിയായ യുവാവിന്റെ അപകട മരണത്തോടെ കുടുംബം അനാഥമായി. മാർച്ച് 9-ന് രാത്രി കളനാട് വലിയപള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് അനിൽ 24, എന്ന മത്സ്യത്തൊഴിലാളി യുവാവ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ യാക്കൂബ് – സതിമേരി ദമ്പതികളുടെ മകനായ അനിൽ പള്ളിക്കര കടപ്പുറം കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന യുവാവായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തുനിന്നും ജില്ലയിലെത്തിയ അനിലിന്റെ പിതാവ് യാക്കൂബ് നേരത്തെ മരിച്ചു.

സഹോദരൻ അനീഷ് രണ്ടുവർഷം മുമ്പ് മരിച്ചു. കുടുംബത്തിലെ മൂത്ത പുത്രനായ അനിലിന്റെ തണലിലാണ് കുടുംബം ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അപകട മരണത്തോടെ കുടുംബം തീർത്തും അനാഥമായി. പള്ളിക്കര സി.എച്ച്. നഗറിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന അനിലിന്റെ കുടുംബത്തിന് സ്വന്തമായി  വീടുപോലുമില്ല. മാർച്ച് 9-ന് രാത്രി 10 മണിയോടെയാണ് കളനാട് വലിയ പള്ളിക്ക് സമീപം അനിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കർണ്ണാടക റജിസ്ട്രേഷനിലുള്ള മീൻ ലോറിയിടിച്ചത്. വാഹനമോടിച്ചിരുന്ന അനിൽ തൽക്ഷണം തന്നെ മരിച്ചു.

യുവാവിന്റെ മരണത്തോടെ മാതാവ് സതി മേരിയും 19 കാരനായ അനുജൻ അജേഷും ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ്. പള്ളിക്കര കടപ്പുറത്തെ അമലോത്ഭവമാതാ എന്ന തോണിയിലാണ് അനിൽ മത്സ്യബന്ധന ജോലിക്ക് പോയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അനിലിന്റെ ജോലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം.

LatestDaily

Read Previous

പെൺകുട്ടിയെ അപമാനിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Read Next

വത്സൻ പിലിക്കോടിന്റെ വംശീയാധിേക്ഷപം മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി