ഡിസിസി ഭാരവാഹി പട്ടികയിൽ 10 പേർ കൂടി കയറിപ്പറ്റി

ഡോ. കെ. വി. ശശിധരനെ ഡിസിസിയിൽ ഉൾപ്പെടുത്തിയാൽ ഡിസിസി പ്രസിഡണ്ടിൻെറ കോലം കത്തിക്കുമെന്ന്

കാഞ്ഞങ്ങാട്: കാസർകോട് ഡിസിസി ഭാരവാഹികളുടെ പുതുക്കിയ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ആദ്യം പ്രഖ്യാപിച്ച 15 ഭാരവാഹികൾക്ക് പുറമെ കോൺഗ്രസ്സിലെ വിവിധ ഗ്രൂപ്പുകളിലെ പ്രതിനിധികളായ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഡിസിസി ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതിൽ അതൃപ്തി അറിയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് കെ. സി. വേണുഗോപാലിന് പരാതി നൽകിയിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയ്ക്കെതിരെ സംസ്ഥാനത്തെ മറ്റ് ചില എംപിമാരും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഡിസിസി ഭാരവാഹിപ്പട്ടിക പുറത്തിറക്കുന്നതിൽ തടസ്സം നേരിടുകയും ചെയ്തു.

സംസ്ഥാനത്തെ 14 ഡിസിസികളിലേക്കുള്ള ഭാരവാഹിപ്പട്ടികയുടെ പ്രഖ്യാപനമാണ് അനന്തമായി നീളുന്നത്. കെപിസിസി പ്രസിഡണ്ട് തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ്സിലെ ഗ്രൂപ്പുകൾക്കുള്ളിൽ അഭിപ്രായമുണ്ട്. ആദ്യ ഘട്ടത്തിൽ ഒന്നിച്ച് നിന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും, കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും ഇപ്പോൾ വിരുദ്ധ ധ്രുവങ്ങളിലാണ്.

പുതുതായി തയ്യാറാക്കിയ ഡിസിസി ഭാരവാഹി ലിസ്റ്റിൽ കാസർകോട് ജില്ലയിൽ എല്ലാ കോൺഗ്രസ്സ് ഗ്രൂപ്പുകൾക്കും പ്രാതിനിധ്യമുണ്ട്. ഏഐസിസി ജനറൽ സിക്രട്ടറി കെ. സി. വേണുഗോപാലിന്റെ ഗ്രൂപ്പിന് 2, വി. ഡി. സതീശൻ ഗ്രൂപ്പിന് 2, രാജ്മോഹൻ ഉണ്ണിത്താൻ 2, ഐഐ വിഭാഗങ്ങൾക്ക് 2 വീതം എന്നിങ്ങനെ 10 പേരാണ് പുതിയ പട്ടികയിൽ കയറിപ്പറ്റിയത്.

താൻ നിർദ്ദേശിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നൽകിയത്. പുതിയ ലിസ്റ്റിൽ എംപിയെ കൈമണിയടിച്ചവർക്ക് പ്രാതിനിധ്യമുറപ്പായിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു പത്രപ്രവർത്തകൻ എംപിയുടെ നോമിനിയായി പുതിയ ഡിസിസി ഭാരവാഹി ലിസ്റ്റിലുണ്ട്.

എംപിയുടെ നിഴൽപോലെ പിന്തുടർന്ന പത്രപ്രവർത്തകൻ അദ്ദേഹത്തെ സ്വാധീനിച്ചാണ് ഡിസിസി ഭാരവാഹി ലിസ്റ്റിൽ കയറിക്കൂടിയതെന്നാണ് കോൺഗ്രസ്സിലെ അടക്കം പറച്ചിൽ. ഐ ഗ്രൂപ്പിന് ലഭിച്ച ഭാരവാഹി സ്ഥാനങ്ങളിൽ ഡിസിസി പ്രസിഡണ്ടിന്റെ സന്തത സഹചാരിയായ ഡോ. കെ. വി. ശശിധരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി എന്നിവരുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്.

അതേ സമയം ഡോ. കെ. വി. ശശിധരനെ ഡിസിസി ഭാരവാഹി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ്സ് കണ്ണങ്കൈ ബൂത്ത് കമ്മിറ്റിയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കോൺഗ്രസ്സ് കണ്ണങ്കൈ ബൂത്ത് കമ്മിറ്റിക്ക് വേണ്ടി ഓഫീസ് കെട്ടിടം പണിയാൻ നാട്ടുകാരിൽ നിന്ന് പണം സ്വരൂപിച്ച് സ്ഥലം വാങ്ങിയിരുന്നു.

പ്രസ്തുത സ്ഥലത്തിന്റെ ആധാരം ശശിധരന്റെ പേരിലാണുള്ളതെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു. ഇത് പാർട്ടിയുടെ പേരിലാക്കണമെന്ന് കണ്ണങ്കൈ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോ. ശശിധരൻ ചെവികൊണ്ടില്ല. ഡോ. കെ. വി. ശശിധരനെ ഡിസിസി ഭാരവാഹിയാക്കിയാൽ എംപിയുടെയും ഡിസിസി പ്രസിഡണ്ടിന്റെയും കോലം കത്തിക്കുമെന്ന് കണ്ണങ്കൈയിലെ കോൺഗ്രസ്സ് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസിസി ഭാരവാഹിപ്പട്ടികയിൽ കയറിപ്പറ്റാൻ ലക്ഷങ്ങളുടെ കോഴപ്പണം ഒഴുക്കിയിട്ടുെണ്ടെന്നാണ് കോൺഗ്രസ്സിലെ പിന്നാമ്പുറ സംസാരം. സ്ഥാനമോഹികളായവരാണ് ലിസ്റ്റിൽ കയറിപ്പറ്റാൻ നേതാക്കൾക്ക് വൻതുക കോഴ നൽകിയത്.

LatestDaily

Read Previous

കൈക്കൂലി ഷർട്ടിൽ വിജിലൻസ് വലയിൽ കുടുങ്ങി ഡി.ഡി. ഓഫീസ് ഉദ്യോഗസ്ഥൻ

Read Next

ഗാർഹിക പീഢനം സിബി വെട്ടത്തിന്റേയും ഭാര്യയുടെയും മകന്റെയും പേരിൽ കേസ്സ്