കൈക്കൂലി ഷർട്ടിൽ വിജിലൻസ് വലയിൽ കുടുങ്ങി ഡി.ഡി. ഓഫീസ് ഉദ്യോഗസ്ഥൻ

കാഞ്ഞങ്ങാട്: പ്രൊവിഡന്റ് ഫണ്ടിലെ അപാകതകൾ പരിഹരിക്കാൻ അധ്യാപികയോട് കിടപ്പറ പങ്കിടാനാവശ്യപ്പെട്ട്  വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥനെ വ്യത്യസ്ത കെണിയിലൂടെ കുരുക്കി വിജിലൻസ്. കോട്ടയം ജില്ലയിൽ അധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച കാസർകോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ ഓഫീസ് ജൂണിയർ സൂപ്രണ്ടിനെയാണ് വിജിലൻസ് കോട്ടയത്ത് കുടുക്കിയത്.

ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറും കാസർകോട്  വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ ഓഫീസ് ജൂണിയർ  സൂപ്രണ്ടുമായ കണ്ണൂരിലെ സി.ആർ. വിനോയ് ചന്ദ്രനാണ് 43, കോട്ടയം സ്വദേശിനിയായ അധ്യാപികയുടെ പ്രോവിഡന്റ് ഫണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപികയുടെ ശരീരം ആവശ്യപ്പെട്ടത്.

പി.എഫിലെ അപാകത പരിഹരിക്കാൻ കോട്ടയം ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ശ്രമം നടത്തിയ അധ്യാപികയ്ക്ക് സംസ്ഥാന നോഡൽ ഓഫീസറെ സമീപിക്കാൻ നിർദ്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഇവർ വിനോയ്ചന്ദ്രനെ സമീപിച്ചത്.  പ്രശ്നം പരിഹരിക്കാൻ നേരിൽക്കാണണമെന്നായിരുന്നു ഓഫീസറുടെ ആവശ്യം. തുടർന്ന് അധ്യാപിക കോട്ടയം വിജിലൻസിൽ പരാതി നൽകി.

വിജിലൻസിന്റെ നിർദ്ദേശത്തെത്തുടർന്ന് അധ്യാപിക വിനോയ് ചന്ദ്രനെ കോട്ടയത്തേക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ ഉദ്യോഗസ്ഥന്റെ നീക്കങ്ങൾ വിജിലൻസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അധ്യാപികയോട് വിനോയ് പുതിയ ഷർട്ട് വാങ്ങി മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടതോടെ ഇവർ വിവരം വിജിലൻസ്  ഉദ്യോഗസ്ഥരെ അറിയിച്ചു. അധ്യാപിക  വാങ്ങിയ പുതിയ ഷർട്ടിൽ വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി കൊടുത്തയച്ച ശേഷം, വിനോയ് ചന്ദ്രന്റെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

LatestDaily

Read Previous

റിസോർട്ടിൽ പങ്കാളിത്വം വാഗ്ദാനം നൽകി രണ്ടുകോടി തട്ടി ഉദുമ സ്വദേശി മുങ്ങി

Read Next

ഡിസിസി ഭാരവാഹി പട്ടികയിൽ 10 പേർ കൂടി കയറിപ്പറ്റി