പ്രണയത്തർക്കം: യുവാവ് തൂങ്ങി മരിച്ചു

പരപ്പ: പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കമിതാക്കളുടെ കുടുംബങ്ങൾ തമ്മിലടിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ച കാമുകൻ തൂങ്ങി മരിച്ചു. പരപ്പ നായിക്കയം പാലവളപ്പിൽ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പാലവളപ്പിലെ പരേതനായ ചന്ദ്രന്റെ മകൻ വിനീഷും 25, മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധത്തെച്ചൊല്ലിയാണ് ഇന്നലെ വൈകുന്നേരം 4 മണിക്ക് കമിതാക്കളുടെ ബന്ധുക്കൾ തമ്മിലടിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളരിക്കുണ്ട് എസ്.ഐ. ജയപ്രകാശും സംഘവും സ്ഥലത്തെത്തി പ്രശ്നങ്ങളൊ തുക്കിയിരുന്നു. സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്ന വിനീഷിനെ ഇന്ന് വെള്ളരിക്കുണ്ട് പോലീസിൽ ഹാജരാകാൻ നിർദ്ദേശിച്ചാണ് പോലീസ് തിരിച്ചുപോയത്. വിനീഷ് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ ഹാജരാകാനുള്ള നിർദ്ദേശം ഇദ്ദേഹത്തെ അറിയിച്ചു.

ഇതേതുടർന്നാണ് യുവാവ് വീടിനടുത്തുള്ള പറമ്പിൽ കെട്ടിത്തൂങ്ങിയത്. പരിസരവാസികൾ കുരുക്കഴിച്ച് യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മാതാവ്: നാരായണി. സഹോദരങ്ങൾ: ബിനു, സജിത്ത്, സജിത.

Read Previous

ഹൊസ്ദുർഗ്ഗ് ബീച്ചിൽ അനധികൃത കാർണ്ണിവെൽ

Read Next

എസ്ഐയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർക്കെതിരെ കേസ്സ്