അശോകൻ റിപ്പർ മോഡൽ; താമസം കാട്ടിൽ പ്രതിയെ കണ്ടെത്താൻ ഡ്രോൺ പറത്തി പോലീസ്

മടിക്കൈ: കവർച്ചകൾ നടത്തി മടിക്കൈ ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയ യുവ കവർച്ചക്കാരൻ കറുകവളപ്പിൽ അശോകൻ 33, മനുഷ്യരെ തലക്കടിച്ച് കൊന്ന് കവർച്ച നടത്തിയ പഴയ കവർച്ചാക്കാരൻ റിപ്പർ ചന്ദ്രന്റെ രീതികളിലേക്ക് വഴി മാറി. മടിക്കൈ പഞ്ചായത്തിന്റേയും , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റേയും അതിർത്തി ദേശമായ കറുകവളപ്പ്, മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്താണ്.

മാംസ സംസ്ക്കരണ ഫാക്ടറിക്ക് 400 ഏക്കർ റവന്യൂ ഭൂമി മാറ്റി വെച്ച സ്ഥലമാണിത്. കുറ്റിക്കാട് മൂടിക്കിടക്കുന്ന ഈ പ്രദേശത്താണ് റിപ്പർ അശോകൻ ഒളിച്ചു പാർക്കുന്നത്. മടിക്കൈ അമ്പലത്തുകര ടൗണിൽ ചുമട്ടു തൊഴിലാളിയായ അനിലിന്റെ ഭാര്യ വിജിതയെ 30,  മാർച്ച് 9-ന് രാവിലെ  9.45 മണിയോടെയാണ് വീട്ടു പരിസരത്ത് അശോകൻ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു വീഴ്ത്തി യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തത്.

യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.  ജില്ലാശുപത്രിയിൽ പ്രവേശിപ്പിട്ടുള്ള ബിജിതയുടെ തലയ്ക്ക് അടിയേറ്റ് മുഴച്ച പാടുകളുണ്ട്. കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. കഴുത്തിൽ ആദ്യം ഷൂലെയ്സും, പിന്നീട് തോർത്തിട്ട് മുറുക്കുകയും ചെയ്ത പാടുകളുണ്ട്. വിജിതയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കവർച്ചാ പ്രതി അശോകന്റെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തുവെങ്കിലും, ഇന്നലെ ഡ്രോൺ പറത്തി കാട് മുഴുവൻ അരിച്ചുപെറുക്കിയ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. കാട്ടിലുള്ള ഏതെങ്കിലും പാറമടയിൽ  പ്രതി ഒളിച്ചിരിപ്പുണ്ടെന്ന്  കരുതുന്നു.

കറുകവളപ്പിൽ കൃഷിക്കാരൻ പ്രഭാകരന്റെ വീട്ടിൽ പുലർകാലം അതിക്രമിച്ചു കയറി സ്വർണ്ണാഭരണവും സെൽഫോണുകളും കവർന്ന കേസ്സിൽ  അശോകനെ പോലീസ് തപ്പി നടക്കുന്നതിനിടയിലാണ് കാട്ടിൽ നിന്ന് പുറത്തു വന്ന അശോകൻ, രണ്ടു കുട്ടികളുടെ മാതാവായ വിജിതയെ തലക്കടിച്ചു വീഴ്ത്തി റിപ്പർ മോഡലിൽ ആഭരണം കവർന്നത്. ഈ ആക്രമണ സംഭവത്തിൽ മടിക്കൈ ഗ്രാമം  അപ്പാടെ വിറങ്ങലിച്ചു നിൽക്കുകയാണ് അശോകൻ രാത്രിയിൽ കാടിറങ്ങി വന്ന് മറ്റ് വീടുകളിലും കവർച്ച നടത്തിയേക്കുമെന്ന ഭീതി നാടെങ്ങും പടർന്നിട്ടുണ്ട്.

LatestDaily

Read Previous

കവർച്ച പ്രതിക്ക് മടിക്കൈ കാട്ടിൽ വ്യാപക തെരച്ചിൽ

Read Next

രണ്ടിടത്ത് വാഹനാപകടം പൊലിഞ്ഞത് മൂന്ന് ജീവനുകൾ