രണ്ടിടത്ത് വാഹനാപകടം പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കാഞ്ഞങ്ങാട്:  മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ജില്ലയിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു. ഇന്നലെ സന്ധ്യയ്ക്ക് മഡിയൻ കൂലോം റോഡ് ജംഗ്ഷന്  സമീപത്തും, രാത്രി 10 മണിക്ക് കളനാട് വലിയപള്ളിക്ക് സമീപത്തുമാണ് വാഹനാപകടങ്ങൾ നടന്നത്. വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിരാമൻ- രോഹിണി ദമ്പതികളുടെ മകൻ രതീഷാണ് 39, ഇന്നലെ സന്ധ്യയ്ക്ക് മഡിയൻ റോഡിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. രതീഷിന്റെ മരണവാർത്തയ്ക്ക് പിന്നാലെയാണ് കളനാട് വലിയപള്ളിക്ക് സമീപത്ത് ബൈക്കിൽ മീൻ വണ്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച വിവരം പുറത്തുവന്നത്. ഇന്നലെ രാത്രി 10 മണിയോടെ ബൈക്കിൽ കാസർകോട് ഭാഗത്തേക്ക് യാത്ര ചെയ്ത യുവാക്കളെയാണ് എതിരെ അമിത വേഗതയിലെത്തിയ മീൻവണ്ടി ഇടിച്ചുകൊന്നത്.

പെരിയ നിടുവോട്ട് പാറയിലെ എൻ.ഏ. പ്രഭാകരൻ- ഉഷാകുമാരി ദമ്പതികളുടെ മകൻ എൻ.ഏ. പ്രജീഷ് 20, പള്ളിക്കര സി.എച്ച്. നഗറിലെ യാക്കൂബ്- സതിമേരി ദമ്പതികളുടെ മകൻ അനിൽ 24, എന്നിവരാണ് ബൈക്കിൽ മീൻ ലോറിയിടിച്ച് മരിച്ചത്. കളനാട് വലിയപള്ളിക്ക് സമീപം നടന്ന വാഹനാപകടത്തിൽ,  വാഹനമോടിച്ചിരുന്ന അനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

മഡിയനിൽ ഓട്ടോ മറിഞ്ഞ് മരിച്ച രതീഷ് ഗൾഫിൽ നിന്നും തിരിച്ചെത്തി നാട്ടിൽ ഓട്ടോ ഓടിക്കുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: ശ്രീജ. ഒരു കുട്ടിയുണ്ട്. സഹോദരങ്ങൾ: പത്മനാഭൻ, ലതിക. കളനാട് വാഹനാപകടത്തിൽ മരിച്ച പ്രജീഷും, അനിലും ഉറ്റ സുഹൃത്തുക്കളായിരുന്നു. മരണത്തിനും ഇവരെ വേർപിരിക്കാനായില്ല.

അജേഷ്, അനീഷ് എന്നിവരാണ് പ്രജീഷിന്റെ സഹോദരങ്ങൾ. മൃതദേഹങ്ങൾ മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കെ.എൽ.19. ഏ.ഡി.3954 മീൻ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ  മേൽപ്പറമ്പ് പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്  കേസ്സെടുത്തു.

LatestDaily

Read Previous

അശോകൻ റിപ്പർ മോഡൽ; താമസം കാട്ടിൽ പ്രതിയെ കണ്ടെത്താൻ ഡ്രോൺ പറത്തി പോലീസ്

Read Next

ഹൊസ്ദുർഗ്ഗ് ബീച്ചിൽ അനധികൃത കാർണ്ണിവെൽ