ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ മടിക്കൈ കറുകവളപ്പിൽ വീട്ടമ്മയെ പട്ടാപ്പകൽ അടിച്ചു വീഴ്ത്തി സ്വർണ്ണാഭരണങ്ങൾ കവർന്നു. ഇന്ന് പകൽ 11 മണിക്കാണ് യുവതിയുടെ വീട്ടിൽ അത്രിക്രമിച്ചു കയറിയ മോഷ്ടാവ് ഇവരെ തലയ്ക്കടിച്ചു വീഴ്ത്തി ബോധരഹിതയാക്കി സ്വർണ്ണാഭരണങ്ങൾ കവർന്നത്.
മടിക്കൈ കുളങ്ങാട്ടെ വിജയന്റെ മകളും കറുകവളപ്പിലെ ചുമട്ട് തൊഴിലാളി അനിലിന്റെ ഭാര്യയുമായ ബിജിതയാണ് 30, കവർച്ചയ്ക്കിരയായത്. അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതിയായ കറുകവളപ്പിൽ അശോകനാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. ബിജിതയുടെ ഭർത്താവ് ജോലിക്കും, മക്കൾ സ്കൂളിലും പോയ തക്കത്തിലാണ് കവർച്ചക്കാരൻ അശോകൻ വീട്ടിനകത്ത് കയറിയത്.
മോഷ്ടാവ് യുവതിയെ അടിച്ചു വീഴ്ത്തി ബോധരഹിതയാക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണമാല, കമ്മൽ, മോതിരം എന്നിവ മോഷ്ടാവ് കവർന്നു. മടിക്കൈയിൽ കാട്ടിൽ ടെന്റ് കെട്ടി ഒളിച്ചിരുന്ന സംഘത്തിൽപ്പെട്ട മോഷ്ടാവിനെ ദിവസങ്ങൾക്ക് മുമ്പ് അമ്പലത്തറ എസ് ഐ, മധു മടിക്കൈയും സംഘവും പിടികൂടിയിരുന്നു. കാസർകോട് സ്വദേശിയായ ബസ് കണ്ടക്ടർ മഞ്ജുനാഥിനെയാണ് പോലീസ് പിടികൂടിയത്. മഞ്ജുനാഥിന്റെ കൂട്ടാളിയും , കവർച്ചാ സംഘത്തിന്റെ തലവനുമായ കറുകവളപ്പിൽ അശോകൻ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസുകളിലെ പ്രതിയാണ് അശോകൻ.
കാട്ടിനുള്ളിൽ ഒളിച്ചിരുന്ന് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തി കവർച്ച നടത്തുകയാണ് അശോകന്റെ രീതി. തലക്കടിയേറ്റ ബിജിതയുടെ വീട് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാൽ കവർച്ച അയൽവാസികൾ അറിഞ്ഞില്ല. കവർച്ചയ്ക്കിടെ അടിയേറ്റ ബിജിതയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ആഘാതത്തിലാണ് യുവതി. പ്രദേശത്ത് കവർച്ചകൾ തുടർക്കഥയായതോടെ മടിക്കൈ നിവാസികൾ കടുത്ത ആശങ്കയിലാണ്.