കവർച്ചക്കാരെ തേടി മടിക്കൈയിൽ പോലീസിന്റെ കാടിളക്കി പരിശോധന

അമ്പലത്തറ :  കാട് കയറിയ കള്ളന്മാരെ തെരഞ്ഞ് അമ്പലത്തറ പോലീസ് നടത്തിയ റെയ്ഡിനിടെ പിടിയിലായ മോഷ്ടാവ് റിമാന്റിൽ. ഒരു മാസം മുമ്പ് തായന്നൂരിലെ വീട്ടിൽ നിന്ന് സ്വർണ്ണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികളാണ് കാട്ടിനുള്ളിൽ കൊള്ളക്കാരെപ്പോലെ ടെന്റ് കെട്ടി ജീവിച്ചത്. മടിക്കൈ പഞ്ചായത്തിലും, കോടോം ബേളൂർ പഞ്ചായത്തിലുമായി വ്യാപിച്ച് കിടക്കുന്ന കറുകവളപ്പ് കാട്ടുപ്രദേശത്ത് മോഷ്ടാക്കൾ ടെന്റ് കെട്ടി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം അമ്പലത്തറ എസ്ഐ, മധു മടിക്കൈയുടെ നേതൃത്വത്തിൽ കാട് വളഞ്ഞത്.

തായന്നൂർ മോഷണക്കേസ്സ് പ്രതിയും, സ്വകാര്യ ബസ്സ് ജീവനക്കാരനുമായ ബാലകൃഷ്ണൻ, കൂട്ടാളിയും സ്വകാര്യ ബസ്സ് കണ്ടക്ടറുമായ ബന്തടുക്കയിലെ മഞ്ജുനാഥ് എന്നിവരാണ് ചമ്പൽ കൊള്ളക്കാരെപ്പോലെ കാട്ടിനുള്ളിൽ ടെന്റ് കെട്ടി താമസിച്ചിരുന്നത്. മഞ്ജുനാഥിനെ പോലീസ് കീഴടക്കിയെങ്കിലും, ബാലകൃഷ്ണൻ ഒാടി രക്ഷപ്പെട്ടു. ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന കാട്ടുപ്രദേശത്ത് ബാലകൃഷ്ണന് വേണ്ടി നാട്ടുകാരും പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കാസർകോട്ട് നിന്നെത്തിയ പോലീസ് നായയും തെരച്ചിലിനുണ്ടായിരുന്നു. അറസ്റ്റിലായ മഞ്ജുനാഥിനെ ഹോസ്ദുർഗ്ഗ് കോടതി റിമാന്റ് ചെയ്തു. ഒളിവിലുള്ള ബാലകൃഷ്ണന് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്. അതിനിടെ കാഞ്ഞിരപ്പൊയിലിലെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയതിന് പിന്നാലെ വീട്ടിനുള്ളിൽക്കയറി പണം മോഷ്ടിച്ചതും, ഇതേ സംഘമാണെന്ന് സൂചനയുണ്ട്. കാഞ്ഞിരപ്പൊയിൽ തണ്ണീർപ്പന്തലിെല മാധവിയുടെ വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തി വീട് നിരീക്ഷിച്ച് പോയ സംഘം മാധവി വീട്ടിലില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് ഷെൽഫിനുള്ളിൽ നിന്നും 30,000 രൂപ മോഷ്ടിക്കുകയായിരുന്നു.

LatestDaily

Read Previous

സിറ്റി ഗോൾഡ് ജ്വല്ലറിയിൽ നിന്ന് 7 ലക്ഷം രൂപയുടെ സ്വർണ്ണം കാണാതായി, 2 ജീവനക്കാരുടെ പേരിൽ കേസ്

Read Next

ഒരു രൂപ വെറും ഒരു രൂപയല്ല