ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: യുവ എംബിബിഎസ് ഡോക്ടർ കാസർകോട്ടെ ഷാബിൽ നാസറിനെ 27, വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അന്വേഷണം പുതിയൊരു വഴിയിൽ. ഈ പുതുവഴി എന്താണെന്ന് പിന്നീട് വെളിപ്പെടുത്താമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടറുടെ പിതാവ് ശ്രീലങ്കൻ പൗരനാണ്. മകന് നേരെ വധശ്രമം നടന്ന വിവരമറിഞ്ഞ പിതാവ് ശ്രീലങ്കയിൽ നിന്ന്, ചെന്നൈ വഴി ബംഗളൂരുവിലും, ഇന്നലെ കാസർകോട് ചൗക്കിയിലുള്ള, ഡോക്ടറും മാതാവും താമസിച്ചു വരുന്ന വീട്ടിലുമെത്തി.
പിതാവിന്റെ മൊഴി കേസ്സന്വേഷണം രേഖപ്പെടുത്തിയെങ്കിലും, സ്വന്തം മകനെ അർദ്ധരാത്രി വീട്ടിൽക്കയറി കക്ഷത്തിൽ കഠാര കുത്തിയിറക്കിയതിന് പിന്നിൽ പ്രവർത്തിച്ച കുബുദ്ധി ആരുടേതാണെന്ന് ശ്രീലങ്കക്കാരനായ പിതാവിനറിയില്ല. മംഗളൂരു യേനപ്പോയ ആശുപത്രിയിൽ ചികിൽസയിലുള്ള ഡോക്ടറിൽ നിന്ന് പോലീസ് മൊഴിയെടുത്തുവെങ്കിലും, മുഖംമൂടി ധരിച്ച് രാത്രിയിൽ യുവ ഡോക്ടറെ വധിക്കാൻ വീട്ടിലെത്തിയ അക്രമികളെക്കുറിച്ച് ഡോക്ടർക്കും വലിയ പിടിപാടില്ല.
തൽസമയം, തനിക്കൊരു പ്രണയമുണ്ടെന്നും, കാമുകി ചൈനക്കാരി പെൺകുട്ടിയാണെന്നും യുവഡോക്ടർ ഷാബിൽ നാസർ തുറന്നു പറഞ്ഞു. ചൈനയിൽ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയമാണിതെന്നും ഡോക്ടർ സമ്മതിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 307 വധശ്രമം ചുമത്തി കാസർകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണത്തിൽ പോലീസിന് എങ്ങുനിന്നോ വീണുകിട്ടിയ ഒരു പുതുവഴിയിലാണ് അത്യന്തം ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഈ കേസ്സിന്റെ അന്വേഷണം എത്തിയിട്ടുള്ളത്.
കേസ്സിന് തുമ്പാകുമെന്ന് തന്നെ അന്വേഷണ സംഘം തറപ്പിച്ചു പറയുന്നു. ഇരുളിൽ കാടുമൂടിക്കിടക്കുന്ന ആ പുതുവഴിയെക്കുറിച്ച് ‘ഒരു സൂചന തരുമോ’ എന്ന് ആരാഞ്ഞപ്പോൾ “സൂചന തരാം”. രണ്ടുനാൾ കൂടി കാത്തിരിക്കണമെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.