പൊട്ടിപ്പൊളിഞ്ഞ ടൗൺ ബസ് സ്റ്റാന്റ് നന്നാക്കാൻ ലക്ഷങ്ങൾ തുലയ്ക്കുന്നു

കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ് തകർന്നുവീഴാനൊരുങ്ങുന്ന കോട്ടച്ചേരി നഗരസഭാ ബസ് സ്റ്റാന്റിന്റെ മുഖം മിനുക്കാൻ ലക്ഷങ്ങൾ നഗരസഭാ ഫണ്ടിൽ നിന്നും പാഴാക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റ് കാലപ്പഴക്കത്താൽ തകർന്നുവീഴാൻ കാത്തിരിക്കുന്നതിനിടെയാണ് ബസ് സ്റ്റാന്റ് മോടിപിടിപ്പിക്കാനുള്ള നഗരസഭയുടെ പാഴ്്ശ്രമം. കോട്ടച്ചേരി നഗരസഭാ ബസ് സ്റ്റാന്റിന്റെ സീലിങ്ങ് പലതവണ അടർന്നുവീണിട്ടുണ്ട്. ഭിത്തി വിണ്ടുകീറുകയും, മേൽക്കൂരയുടെ  കമ്പികൾ  പുറത്തുകാണുകയും  ചെയ്യുന്ന വിധത്തിലാണ് ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്നത്.

കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് ഭാർഗ്ഗവീനിലയം പോലെയായ നഗരസഭാ ബസ് സ്റ്റാന്റിന്റെ മുഖം പൗഡറിട്ട് മിനുക്കാൻ നഗരസഭാ ഫണ്ടിൽ നിന്നും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ബസ് സ്റ്റാന്റിലെ കടമുറികളിൽ പലതും ചോർന്നൊലിക്കുന്നവയാണ്. കെട്ടിടത്തിലെ ചോർച്ച പരിഹരിക്കാൻ മുകളിൽ  മേൽക്കൂരയുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടത്തിന് കാര്യമായ തകരാറുകളുണ്ട്. പുറമെയുള്ള മിനുക്ക് പണികൾ കൊണ്ട് പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ ആയൂസ് വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഫലമുണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആലാമിപ്പള്ളിയിലെ നഗരസഭാ ബസ് സ്റ്റാന്റ് ആരും തിരിഞ്ഞുനോക്കാനില്ലാത്ത അനാഥ പ്രേതംപോലെ കിടക്കുമ്പോഴാണ് ഊർധ്വൻ വലിക്കുന്ന പഴയ ബസ് സ്റ്റാന്റിനെ രക്ഷിച്ചെടുക്കാൻ നഗരസഭാ ഭരണസമിതി ശ്രമം നടത്തുന്നത്. നഗരസഭയുടെ ഖജനാവ് കാലിയാക്കാൻ മാത്രമേ കോട്ടച്ചേരി ബസ് സ്റ്റാന്റ് അറ്റകുറ്റപ്പണി മൂലം സാധിക്കുകയുള്ളൂവെന്ന് നാട്ടുകാർ  ആരോപിച്ചു.

LatestDaily

Read Previous

യുവഡോക്ടറെ കുത്തിയ കേസ്സിൽ അന്വേഷണം പുതുവഴിയിൽ

Read Next

പാലം തുറന്നാലും ഇഖ്ബാൽ റോഡ്, കുശാൽനഗർ ഗേറ്റുകൾ അടച്ചിടില്ല , അടക്കുന്നത് കോട്ടച്ചേരി ഗേറ്റ് മാത്രം