ഹരിദാസ് വധക്കേസിൽ 7 ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിൽ

തലശ്ശേരി: സി.പി.എം.പ്രവർത്തകനും മത്സ്യ ത്തൊഴിലാളിയുമായ പുന്നോൽ താഴെ വയലിൽ ഹരിദാസനെ 54, വീട്ടുമുറ്റത്തിട്ട് ക്രൂരമായി വെട്ടിക്കൊന്ന കേസ്സിൽ പുന്നോലിലും പരിസരത്തുമുള്ള 7 സംഘപരിവാർ പ്രവർത്തകർ കൂടി അറസ്റ്റിൽ.

പുന്നോൽ കടുമ്പേരി ഹൗസിൽ പ്രജീഷ് എന്ന പ്രജൂട്ടി 38, പുന്നോൽ എസ്.കെ. മുക്കിലെ കരോത്ത് താഴെക്കുനിയിൽ പൊച്ചറ ദിനേശൻ 45, ന്യൂ മാഹി പെരുമുണ്ടേരി മീത്തലെ  മഠത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി 32, ടെമ്പിൾ ഗേററിലെ സോപാനത്തിൽ കെ.അഭിമന്യൂ 22, പുന്നോൽ പാലിക്കണ്ടിയിൽ സി.കെ.അശ്വന്ത് 23, :പാലിക്കണ്ടിയിൽ ദീപക് സദാനന്ദൻ 29, കിഴക്കേ പുരയിൽ സി.കെ.അർജുൻ 23, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ പ്രജീഷും ദിനേശനും പ്രജിത്തും അക്രമിസംഘത്തിലുൾപ്പെട്ടവരും കൊലപാതക കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതക ഗൂഢാലോചനയും കൊലയാളി സംഘത്തിന് സഹായവും നൽകിയവരിൽപ്പെട്ടവരാണ് മറ്റ് നാലുപേരും.  ഇവരുടെ അറസ്റ്റോടെ ഹരിദാസ് വധക്കേസിൽ നിയമത്തിന് മുന്നിലെത്തിയവരുടെ എണ്ണം പതിനൊന്നായി. ഇനിയും  കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്ന്  വിവരമുണ്ട് ‘പതിനൊന്നോളം കുറ്റാരോപിതർ ഇപ്പോൾ അന്വേഷണ സംഘത്തിന്റെ  വലയിലാണ്.

കൊലക്കേസിൽ ആദ്യം അറസ്റ്റിലായ ബി.ജെ.പി, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ. ലിജേഷടക്കമുള്ള 4 സംഘപരിവാർ പ്രാദേശിക നേതാക്കളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം നാലുപേരെയും ചോദ്യം ചെയ്തു വരികയാണ്. ലിജേഷിനൊപ്പം പുന്നോൽ കെ.വി.ഹൗസിൽ കെ.വി. വിമിൻ , ദേവീകൃപയിൽ അമൽ മനോഹരൻ  ഗോപാൽപേട്ട സുനേഷ് നിവാസിൽ എം സുനേഷ് എന്ന മണി 39,  എന്നിവരാണ്  ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

വധഗൂഡാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ഹരിദാസനെ കൊല ചെയ്യാനെത്തിയവർക്കൊപ്പം ലിജേഷുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനിടയുണ്ട്.  കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയെല്ലാം  ഇതിനകം   കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

മെമുവിലെ യാത്രാദുരിതമറിയാൻ ഉണ്ണിത്താൻ എംപിയുടെ ട്രെയിൻ യാത്ര

Read Next

നേതൃത്വത്തെ വെല്ലുവിളിച്ച് ഐഎൻഎൽ വിമത വിഭാഗം മെമ്പർഷിപ്പ് ക്യാമ്പയിൻ