പാലക്കുന്നിലും ഉദുമയിലും വ്യാപക ഭൂമി കയ്യേറ്റം

സിപിഎം ഭരിക്കുന്ന ഉദുമ  പഞ്ചായത്ത് മിണ്ടുന്നില്ല

ഉദുമ: പാലക്കുന്ന് മുതൽ ഉദുമ ടൗൺ വരെയുള്ള പ്രദേശത്ത് പരക്കെ സ്വകാര്യ കെട്ടിടമുടമകളുടെ ഭൂമി കയ്യേറ്റം.  കെഎസ്ടിപി റോഡരികിലുള്ള സ്വകാര്യ വ്യക്തികളുടെ  കെട്ടിടങ്ങളുടെ മുൻഭാഗത്തുള്ള റവന്യൂ ഭൂമി കയ്യേറി കെട്ടിടങ്ങൾക്ക് വീതി കൂട്ടുകയാണ് പലരും ചെയ്തിട്ടുള്ളത്. പാലക്കുന്ന് ടൗണിൽ കടകളുടെ ഷട്ടർ സ്ഥാപിച്ചിടത്തുനിന്ന് പുറത്തേക്ക് 5 മീറ്റർ ദൂരം വരെ റവന്യൂസ്ഥലം  കയ്യേറി ഇരുമ്പു ഗ്രിൽസ് സ്ഥാപിച്ച് പലരും വിൽപ്പന സാമഗ്രികൾ നിരത്തിയിട്ടും, ഗ്രാമ പഞ്ചായത്ത്  അധികൃതർക്ക് ഒരു കുലുക്കവുമില്ല.

സിപിഎമ്മാണ് ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം കൈയ്യാളുന്നത്. ഉദുമ ടൗണിൽ ഒരു ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനില പൂർണ്ണമായും റവന്യൂ സ്ഥലത്തേക്ക് കടത്തി കോൺക്രീറ്റ് വാർപ്പ്  നിർമ്മിക്കുകയും ഈ കെട്ടിടത്തിൽ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. പാലക്കുന്നിനും പള്ളത്തിനും മധ്യേയുള്ള ഒരു സിനിമാശാല ഉടമയുടെ ബഹുനിലക്കെട്ടിടത്തിൽ ഈയിടെ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന് മുന്നിൽ കടയുടെ ഷട്ടറിൽ നിന്ന് ഉദ്ദേശം 5 മീറ്റർ പുറത്തേക്ക് ഭൂമി കയ്യേറി ഇരുമ്പു ഗ്രിൽസ് സ്ഥാപിച്ചാണ് വ്യാപാരം പൊടിപൊടിക്കുന്നത്.

ഇരുമ്പ് ഗ്രിൽസ് വെൽഡ് ചെയ്തു പിടിപ്പിച്ചാണ് ഈ കെട്ടിടത്തിന് മുന്നിൽ രണ്ടുസെന്റ് വീതിയിൽ സ്ഥലം കയ്യേറി “പെർമനന്റ് സ്ട്രെക്ച്ചർ” നിർമ്മിച്ചിട്ടുള്ളത്. പാലക്കുന്ന് ടാക്സി- ഓട്ടോ സ്റ്റാന്റുകളിലുള്ള പഴയ കെട്ടിടങ്ങൾക്ക് മുന്നിലും റവന്യൂഭൂമി കയ്യേറി ഇരുമ്പ് ഗ്രിൽസ് സ്ഥാപിച്ചിട്ടുണ്ട്. പാലക്കുന്ന് ടൗണിലും കയ്യേറ്റം വ്യാപകമാണ്.പട്ടണത്തിൽ  ഇത്രയേറെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറി വ്യാപാരം തകർക്കുമ്പോഴും, ഈ പട്ടാപ്പകൽ നിയമ ലംഘനം ഗ്രാമപഞ്ചായത്തും, മരാമത്ത് ഉദ്യോഗസ്ഥരും നോക്കി നിൽക്കുകയാണ്.

കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, കെട്ടിടമുടമയ്ക്ക് ഒരു നോട്ടീസ് കൊടുക്കുന്നതല്ലാതെ  മറ്റു തുടർനടപടികളൊന്നും  ഗ്രാമ പഞ്ചായത്ത് അധികാരികൾ സ്വീകരിക്കാറില്ല. പഞ്ചായത്തിന്റെ നോട്ടീസ് കെയ്യിൽക്കിട്ടുന്ന കെട്ടിടമുടമകൾ പിന്നീട് എല്ലാമാസവും കവറുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുന്നതും,  ഉദുമ പഞ്ചായത്തിന്റെ  മാത്രം പ്രത്യേകതയാണ്. ശ്രദ്ധയിൽപ്പെടുന്ന ആദ്യ കയ്യേറ്റത്തിന് തന്നെ തക്കതായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ, മറ്റുള്ളവർ പരക്കെ സ്ഥലം കൈയ്യേറുമായിരുന്നില്ലെന്ന് പാലക്കുന്നിലെ സിപിഎം വൃത്തങ്ങൾ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

LatestDaily

Read Previous

കോട്ടച്ചേരി മേല്‍പ്പാല സമര്‍പ്പണം നാടിന്റെ ഉത്സവമാകും

Read Next

മെമുവിലെ യാത്രാദുരിതമറിയാൻ ഉണ്ണിത്താൻ എംപിയുടെ ട്രെയിൻ യാത്ര