കോട്ടച്ചേരി മേല്‍പ്പാല സമര്‍പ്പണം നാടിന്റെ ഉത്സവമാകും

കാഞ്ഞങ്ങാട്:  ഈ മാസം ഏഴിന് തിങ്കളാഴ്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. മേല്‍പ്പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് ഘോഷയാത്രയായി പടിഞ്ഞാറെ അറ്റത്തെത്തി ആവിക്കരയില്‍ ഉദ്ഘാടന സമ്മേളനം നടത്തും.

ഒരു ജനതയുടെ ചിരകാല സ്വപ്‌നം പൂവണിയുന്ന മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുന്ന സമ്മേളനം വന്‍ ജനപങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കി മാറ്റുന്നതിന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ചെയര്‍മാനും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ജനറല്‍കണ്‍വീനറുമായി 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത സ്വാഗതം പറഞ്ഞു. മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, അഡ്വ.പി.അപ്പുക്കുട്ടന്‍, സി.യൂസഫ്ഹാജി, എം.കുഞ്ഞിക്കൃഷ്ണന്‍, സി.കെ.റഹ്മത്തുള്ള, എം.കുഞ്ഞമ്പാടി തുടങ്ങിയവരും നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരും കൗണ്‍സിലര്‍മാരും സംബന്ധിച്ചു.

Read Previous

കല്ല്യോട്ട് കൊലവിളി: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Read Next

പാലക്കുന്നിലും ഉദുമയിലും വ്യാപക ഭൂമി കയ്യേറ്റം