യുവഡോക്ടറെ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചതിൽ ദുരൂഹത

കാസർകോട്: ഡോക്ടർ ഷാബിൽ നാസറിനെ 26, അദ്ദേഹവും കുടുംബവും താമസിക്കുന്ന വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള ഇഴ വേർതിരിക്കാൻ കഴിയാതെ പോലീസ്. ഫിബ്രവരി 27-ന് ഞായർ രാത്രി 11-30 മണിക്ക് ദേശീയ പാതയിൽ സിപിസിആർഐ അതിഥി മന്ദിരത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടിനകത്ത് കയറിയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികൾ ഡോക്ടറെ കഠാരകൊണ്ട് കുത്തിയത്.

ഡോക്ടറുടെ കക്ഷത്തിലാണ് കഠാരക്കുത്തേറ്റത്. ഡോക്ടർ ഷാബിൽ നാസറും മാതാവും രാത്രിയിൽ പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയത് 11-30 മണിക്കാണ്. വീടിന്റെ വാതിൽ തുറന്ന് മാതാവും ഡോക്ടറും അകത്ത് കയറിയ ഉടൻ വീട്ടിനകത്ത് ചാടിക്കയറിയ മുഖംമൂടികൾ ഡോക്ടറെ കഠാരകൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. മാതാവും മറ്റും ബഹളം വെച്ചപ്പോൾ അക്രമികൾ ഇരുളിൽ ഓടിമറഞ്ഞു. വീട്ടിൽ സിസിടിവി ക്യാമറകളിലില്ലെങ്കിലും, വീട്ടുപരിസരത്ത് മറ്റു വീടുകളിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കാസർകോട് കറന്തക്കാട്ടുള്ള കിംസ്- സൺറൈസ് സ്വകാര്യാശുപത്രിയിലാണ് ഡോക്ടർ ഷാബിൽ നാസർ പ്രാക്ടീസ് ചെയ്തുവരുന്നത്. ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോക്ടർ ഷാബിൽ നാസർ അവിവാഹിതനാണ്. മംഗളൂരു യേനപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഡോക്ടർ അപകടനില തരണം ചെയ്തിട്ടുണ്ട്. കക്ഷത്തിലുള്ള കഠാരക്കുത്ത് ആഴത്തിലുള്ളതല്ല. ഡോക്ടറുടെ പിതാവ് ശ്രീലങ്കൻ പൗരനാണ്. പിതാവിന്റെ ബിസിനസ്സ് കേന്ദ്രം ശ്രീലങ്കയിലും ചെന്നൈയിലുമാണ്.

ചില സാമ്പത്തിക ഇടപാടുകളിൽ പിതാവുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പിതാവിന്റെ സാമ്പത്തിക തർക്കത്തിന് മകനെ വീട്ടിൽക്കയറി കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്താനുള്ള നീക്കം ആരായാലും നടത്തുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡോക്ടർക്ക് ഒരു പ്രണയമുള്ളതായി സൂചനയുണ്ട്. ഈ വഴിക്കും പോലീസ് അന്വേഷണം നീക്കിയിട്ടുണ്ട്. ഡോക്ടറുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ഡോക്ടർക്കും കുടുംബത്തിനും പുറം ലോകവുമായി അധികം  ബന്ധങ്ങളില്ല. ഡോക്ടർ ഉപയോഗിക്കുന്ന സെൽഫോണിന്റെ  കോൾ വിവരങ്ങൾ കേസ്സന്വേഷണ സംഘം ശേഖരിക്കും. ഡോക്ടറുടെ പിതാവ് ഇപ്പോൾ  ബംഗളൂരുവിലുണ്ട്. അദ്ദേഹം നാട്ടിലെത്തിയാൽ അക്രമത്തിന് പിന്നിലുള്ള ദുരൂഹതയുടെ കെട്ടഴിക്കാൻ കഴിയുമെന്ന് അന്വേഷണ സംഘം കരുതുന്നു. കവർച്ചക്കാരല്ല ഡോക്ടറെ ആക്രമിച്ചതെന്ന് പോലീസ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

LatestDaily

Read Previous

ഹരിദാസൻ വധം: 3 ബിജെപി പ്രവർത്തകർ പിടിയിൽ

Read Next

പാലക്കുന്നിൽ തട്ടുകടകൾ മുക്കിന് മുക്ക്