കാസർകോട്ട് യുവഡോക്ടറെ മുഖംമൂടി സംഘം ആക്രമിച്ചു

കാസർകോട്:  വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ മുഖം മൂടി സംഘം യുവഡോക്റെ കുത്തി പരിക്കേൽപ്പിച്ചു. ടൗൺ സ്റ്റേഷൻ പരിധിയിൽ ചൗക്കി സി പി സി.ആർ.ഐക്ക് സമീപം മൊഗ്രാൽ പുത്തൂരിൽ  ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ചൗക്കി ഗസ്റ്റ്ഹൗസിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുന്ന ഡോ.ഷാ ബിൽ നാസറിനെയാണ് 28, മുഖം മൂടിസംഘം ആക്രമിച്ചത്.

വീട്ടിലെത്തിയ മൂന്നംഗ മുഖം മൂടി സംഘം വീട്ടുകാരെ വിളിച്ചുണർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഡോക്ടറെ  ദേഹമാസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വലതു തോളിലും നെഞ്ചിലും വയറിനും മാരകമായി കുത്തി മുറിവേൽപ്പിച്ച സംഘം ഇരുളിൽ ഓടി രക്ഷപ്പെട്ടു.ഗുരുതരാവസ്ഥയിൽ രക്തം വാർന്ന നിലയിൽ ഡോക്ടറെ  ബന്ധുക്കൾ ഉടൻ മംഗളൂരു  ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അക്രമികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഡോക്ടറിൽ നിന്നും മൊഴിയെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത ടൗൺ സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ പി.അജിത്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്‌. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Read Previous

സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള പാർട്ടി അച്ചടക്ക നടപടി പിൻവലിച്ചു

Read Next

മടിക്കൈയിൽ സഖാവിന്റെ അനുശോചനത്തിന് മുമ്പ് യാദവസഭയുടെ അനുശോചനം സിപിഎം ജില്ലാ കമ്മിറ്റി കണ്ണുരുട്ടി