കല്ല്യോട്ട് സിപിഎം കുടുംബത്തിന് നേരെ വധഭീഷണി : 6 പേർക്കെതിരെ കേസ്

ബേക്കൽ :  പെരിയ കല്ല്യോട്ട് സിപിഎം പ്രവർത്തകനെയും, കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 6 പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.40-നാണ് വാഹനത്തിലെത്തിയ സംഘം കല്ല്യോട്ടെ സിപിഎം പ്രവർത്തകനായ ശാസ്താഗംഗാധരന്റെ കുടുംബത്തിന് നേരെ കൊലവിളി നടത്തിയത്. സംഭവ സമയത്ത് ഗംഗാധരൻ വീട്ടിലുണ്ടായിരുന്നില്ല. കെ.എൽ.29 എം. 1932 റജിസ്്ട്രേഷൻ നമ്പറിലുള്ള വാഹനത്തിലെത്തിയ സംഘമാണ് ഗംഗാധരന്റെ വീടിന് മുന്നിൽ വാഹനം നിർത്തി കൊലവിളി നടത്തിയത്.

ഗംഗാധരന്റെ ഭാര്യ ഗീതാഗംഗാധരൻ 49, പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ബേക്കൽ പോലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും അക്രമി സംഘം രക്ഷപ്പെട്ടു. ജനാർദ്ദനൻ പുല്ലുമലയടങ്ങുന്ന സംഘമാണ് വധഭീഷണിമുഴക്കിയതെന്ന് ഗീതാ ഗംഗാധരൻ പോലീസിൽ നൽകിയ പരാതിയിൽപ്പറയുന്നു. ഇവരുടെ പരാതിയിൽ വെളുത്ത ഷർട്ട് ധരിച്ചെത്തിയ വ്യക്തിയെ ഒന്നാം പ്രതിയാക്കിയാണ് ബേക്കൽ പോലീസ് കേസെടുത്തത്. ജനാർദ്ദനൻ പുല്ലുമല രണ്ടാം പ്രതിയാണ്. ഇദ്ദേഹം ഐഎൻടിയുസി പ്രവർത്തകനാണ്.

ഇതിന് പുറമെ കണ്ടാലറിയാവുന്ന 4 പേരും കേസിൽ പ്രതികളാണ്. കണ്ണൂർ പാനൂരിൽ നിന്നെത്തിയ കെ. സുധാകരന്റെ അനുയായികളാണ് ശാസ്താ ഗംഗാധരനും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന കൃപേഷ്- ശരത് ലാൽ അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നെത്തിയ കെ. സുധാകരന്റെ അനുയായികൾ  അന്നത്തെ ഉദുമ എംഎൽഏ, കെ. കുഞ്ഞിരാമനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു. നിലവിൽ സംഘർഷങ്ങളൊന്നുമില്ലാത്ത കല്ല്യോട്ട് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളാണ് സിപിഎം പ്രവർത്തകനെതിരെയുള്ള വധഭീഷണിയെന്നാരോപണമുണ്ട്.

LatestDaily

Read Previous

കോട്ടച്ചേരി മത്സ്യച്ചന്തയ്ക്ക് സമീപം തീപ്പിടുത്തം

Read Next

ഹരിദാസൻ വധം: 3 ബിജെപി പ്രവർത്തകർ പിടിയിൽ