മടിക്കൈയിൽ സഖാവിന്റെ അനുശോചനത്തിന് മുമ്പ് യാദവസഭയുടെ അനുശോചനം സിപിഎം ജില്ലാ കമ്മിറ്റി കണ്ണുരുട്ടി

മടിക്കൈ : പാർട്ടി ഗ്രാമത്തിൽ സജീവ പാർട്ടി പ്രവർത്തകന്റെ മരണാനന്തരം സിപിഎം അനുശോചന യോഗം ചേരും മുമ്പ് യാദവ സഭ അനുശോചന യോഗം സംഘടിപ്പിച്ചു. സംഭവം ഗ്രാമം മുഴുവൻ പാർട്ടിയിൽ പുകഞ്ഞതോടെ സിപിഎം എൽസിക്കെതിരെ പാർട്ടി ജില്ലാ നേതൃത്വം കണ്ണുരുട്ടി. ഫിബ്രവരി 23-ന് രാത്രിയിലാണ് കർഷകത്തൊഴിലാളി തോട്ടിനാട്ടെ എം. കൃഷ്ണൻ മരണപ്പെട്ടത്.

കർഷകത്തൊഴിലാളികളെ പാർട്ടിക്ക് കീഴിൽ അണിനിരത്തുന്നതിൽ ദീർഘകാലം മുൻനിരയിലുണ്ടായിരുന്ന, സജീവ പാർട്ടി പ്രവർത്തകനാണ് എം. കൃഷ്ണൻ. കൃഷ്ണന്റെ കുടുംബമപ്പാടെ പാർട്ടിയംഗങ്ങളും മകൻ ബ്രാഞ്ച്  സിക്രട്ടറിയുമാണ്. കൃഷ്ണന്റെ മരണ വിവരമറിഞ്ഞ് പാർട്ടി പ്രവർത്തകരും, യാദവസഭ നേതാക്കളുമടക്കം നൂറോളം പേർ അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസ്ക്കാരച്ചടങ്ങുകൾക്ക് നേതൃത്വം  നൽകി.

യാദവനായ എം. കൃഷ്ണന്റെ ദേഹവിയോഗത്തിൽ സംസ്ക്കാരം കഴിഞ്ഞയുടൻ യാദവസഭയുടെ നേതൃത്വത്തിലാണ് വീട്ടുവളപ്പിൽ തന്നെ അനുശോചന യോഗം ചേർന്നത്. സിപിഎം ലോക്കൽ കമ്മിറ്റി പിറ്റേ ദിവസം മുണ്ടോട്ട് റെഡ് സ്റ്റാർ ക്ലബ്ബിൽ അനുശോചന യോഗം നടത്തിയെങ്കിലും, 20 പേർ മാത്രമാണ് ഇൗ അനുശോചനത്തിൽ സംബന്ധിച്ചത്. ഇൗ സംഭവം മടിക്കൈ പാർട്ടിയിലുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സിപിഎം അനുശോചനത്തിൽ പാർട്ടി ജില്ലാ സിക്രട്ടറിയേറ്റംഗം സി. പ്രഭാകരനും, മടിക്കൈ ഇൗസ്റ്റ് എൽ.സി. സിക്രട്ടറി വി.വി. വിജയനും സംബന്ധിച്ചു.

വി.വി. വിജയൻ എം. കൃഷ്ണന്റെ മരണത്തിൽ യാദവ സഭ നടത്തിയ ആദ്യ അനുശോചന യോഗത്തിലും, പിറ്റേന്ന് പാർട്ടി അനുശോചനത്തിലും, സംബന്ധിച്ചു. പരേതന്റെ വീട്ടുവളപ്പിൽ മരണ ദിവസം തന്നെ അനുശോചന യോഗം വിളിച്ചു ചേർത്തത്് യാദവ ക്ഷേത്രമായ നന്ദപുരം അമ്പലക്കമ്മിറ്റി ഭാരവാഹികളാണ്. മലപ്പച്ചേരിയിൽ പാർട്ടി ബ്രാഞ്ച് മന്ദിരത്തോട് ചേർന്ന് യാദവസഭ യൂണിറ്റ് ഒാഫീസ് പുതുതായി പണിതീർത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് ഒാഫീസിന്റെ തൊട്ട് എതിർദിശയിലാണ് യാദവസഭ യൂണിറ്റ് ഒാഫീസ്.

LatestDaily

Read Previous

കാസർകോട്ട് യുവഡോക്ടറെ മുഖംമൂടി സംഘം ആക്രമിച്ചു

Read Next

കാടകത്തും കാമുകൻ വിന്ധ്യയെ തേടിയെത്തി