സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള പാർട്ടി അച്ചടക്ക നടപടി പിൻവലിച്ചു

ഉദുമ: വനിതാ ഡി.സി.സി നേതാവിനെതിരെ   വാട്സ്ആപ്പിൽ മോശമായി പദപ്രയോഗം നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് കെ.പി.സി.സി പ്രസിഡണ്ടിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്ക് വിധേയനായ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള സസ്പെൻഷൻ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി പിൻവലിച്ചു. പിൻവലിച്ച കത്ത് ഡിസിസി  പ്രസിഡണ്ട് പി.കെ.ഫൈസലിനും സുകുമാരനും കൈമാറി.

മികച്ച സംഘാടകനും, പാർട്ടിയിൽ ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുന്നയാളുമായ സുകുമാരൻ പൂച്ചക്കാടിനെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടപടിയെടുത്തത്. സുകുമാരനോട് വിശദീകരണമാവശ്യപ്പെടാതെയാണ് നടപടിയുണ്ടായത്. അദ്ദേഹമയച്ച സന്ദേശം ജില്ലയിലെ മുതിർന്ന നേതാക്കൾ മൊബൈലിൽ പരിശോധിച്ചപ്പോൾ പരാതിക്കാരിയായ മഹിളാ നേതാവിന്റെ പേര് എവിടെയും പരാമർശിച്ചതായി  തിരിച്ചറിയാൻ കഴിഞ്ഞില്ല.

പരാതിക്കാരിയുടെ വാദം മാത്രം കേട്ട്  അന്വേഷിക്കാനെത്തിയ കെ.പി.സി സി ജനറൽ സെക്രട്ടറി വി.എ.നാരായണൻ സുകുമാരനെ വിളിച്ചു വരുത്തി അന്വേഷണവും നടത്തിയില്ല. 42 പേരടങ്ങുന്ന ഗ്രൂപ്പിൽ നിന്നും ഏതോ പ്രവർത്തകൻ ഇതിന്റെ സ്ക്രീൻ ഷോട്ട് ധന്യയ്ക്ക് നൽകി സുകുമാരൻ പരാമർശിച്ചത് ധന്യയെയാണെന്ന്  തെറ്റിദ്ധരിപ്പിക്കുകയും, മറ്റൊന്നും ആലോചിക്കാതെ മറ്റു മുതിർന്ന നേതാക്കളുടെ സഹായം തേടിയാണ് കെ.പി.സി.സിക്ക് പരാതി നൽകിയത്. സ്ത്രീ വിഷയമെന്നതിൽ കെ.പി.സി.സിയും സുകുമാരനോട് ഒരു വിശദീകരണവും ചോദിക്കാതെയാണ് സസ്പെൻറ് ചെയ്തത്.

പ്രോഗ്രസീവ് ചാരിറ്റി എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്. ഭക്ഷ്യസാധനങ്ങളും, മരുന്നുകളടക്കം നിരവധി കാരുണ്യ പ്രവർത്തനവും, പെരിയയിലെ  കോൺഗ്രസ് കുടുംബത്തിന് വീട് വെച്ചതുമടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ  സുകുമാരന്റെ നേതൃത്വത്തിലുള്ള വാട്സ് ആപ്പ് കൂട്ടായ്മ നടത്തിയിരുന്നു.  ഇതിന് ചുക്കാൻ പിടിച്ചത് സുകുമാരൻ പൂച്ചക്കാടായിരുന്നു. ഇതിൽ അസൂയ പൂണ്ട ചിലരാണ് അദ്ദേഹത്തിനെ പുറത്തുചാടിക്കാൻ കരുനീക്കങ്ങൾ നടത്തിയതെന്നാണ് വിവരം.

LatestDaily

Read Previous

കാഴ്ച വസ്തു പോലൊരു ഏടിഎം

Read Next

കാസർകോട്ട് യുവഡോക്ടറെ മുഖംമൂടി സംഘം ആക്രമിച്ചു