ഹരിദാസ് വധക്കേസ്സ് പ്രതിയുടെ അറസ്റ്റിൽ ബിജെപി പ്രതിഷേധം

രവി പാലയാട്

തലശ്ശേരി:  സിപിഎം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസൻ കൊലക്കേസിൽ ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ. ലിജേഷിനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിരോധത്തിലായ ബി.ജെ.പി.നേതൃത്വം പോലീസിനെതിരെ തിരിഞ്ഞു. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി പോലിസ് മാറിയെന്നാരോപിച്ച് വരുന്ന തിങ്കളാഴ്ച  തലശ്ശേരിയിലെ പോലിസ് കേന്ദ്രമായ അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലേക്ക് ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.

രാവിലെ 10.30 ന് സംഘടിപ്പിക്കുന്ന സമരം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഇതിനിടെ ഹരിദാസ് വധക്കേസിനോടനുബന്ധിച്ച് കണ്ണവം സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ സുരേഷ് നരിക്കോടനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇതോടെ മൂന്നാം തവണയാണ് കൊലക്കേസ് പ്രതിയുടെ ബന്ധുവായ പോലീസുദ്യോഗസ്ഥൻ ചോദ്യം ചെയ്യലിന് വിധേയമാവുന്നത്.

കേസിലെ ഒന്നാം പ്രതി ലിജേഷിന്റെ  സഹോദരീ ഭർത്താവാണിദ്ദേഹം.  സംഭവ ദിവസം ലിജേഷ് ഇദ്ദേഹത്തെ  വിളിച്ചിരുന്നു.  എന്തിന് വിളിച്ചുവെന്നും എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നുമുള്ള അന്വേഷണ സംഘത്തിന്റെ  ചോദ്യത്തിന് വ്യക്തമായ ഉത്തരം പോലീസുദ്യോഗസ്ഥനിൽ നിന്നും  ലഭിച്ചില്ല. ഞാനൊരു പോലീസുകാരനല്ലേ, കൊലപാതകത്തിന്  കൂട്ടുനിൽക്കുമോ എന്ന ആദ്യ ഘട്ടത്തിലുള്ള പ്രതികരണത്തിൽ വിശ്വസിച്ചാണ് ആളുമാറി വിളിച്ചതാകാമെന്ന് തുടക്കത്തിൽ അന്വേഷണ സംഘം കരുതിയത്.

ലിജേഷിന്റെ  ഫോൺ സന്ദേശം ഇദ്ദേഹം ഡിലിറ്റ് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. ആദ്യ ചോദ്യം ചെയ്യലിൽ ലിജേഷ് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ച പോലീസുദ്യോഗസ്ഥൻ തെളിവുണ്ടെന്ന് ബോധ്യമായതോടെ സമ്മതിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ  ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമാണുള്ളത്. ഇതിനിടെ ഇപ്പോൾ റിമാന്റിലുള്ള നാല് പ്രതികളും തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

LatestDaily

Read Previous

സ്ക്കൂളിൽ നിർബ്ബന്ധിത പിരിവെന്ന് പരാതി

Read Next

അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനെന്ന പേരിൽ പണം തട്ടിയെടുത്തു