ഹൈടെക്ക് പോലീസ്

കേരള പോലീസിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. കുറ്റകൃത്യങ്ങളുടെ രീതി ശാസ്ത്രങ്ങൾ മാറുകയും കുറ്റവാളികൾ ഹൈടെക്കാകുകയും ചെയ്യുന്ന കാലത്ത് പോലീസിനെയും അതിനൊപ്പിച്ച് ഹൈടെക്കാകുകയെന്നത് തന്നെയാണ് അഭികാമ്യം.

സൈബർ ക്രൈം വിഭാഗം, എക്കണോമിക്ക് ക്രൈം വിഭാഗം എന്നിവയാണ് സംസ്ഥാന സർക്കാർ പോലീസിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസിന്റെ നടപ്പുരീതിയിലുള്ള അന്വേഷണങ്ങൾ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രാപ്തവുമല്ല. സൈബറിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്രിമിനൽ വാസനകൾ ഇനിയെങ്കിലും നിർത്തലാക്കേണ്ടത് പരിഷ്കൃത സമൂഹത്തിലെ പോലീസിന്റെ ഉത്തരവാദിത്തം തന്നെയാണ്.

സൈബറിടങ്ങൾ പലപ്പോഴും നിലനിൽക്കുന്ന നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ വരെ ദുരുപയോഗപ്പെടുത്തുന്നുണ്ട്. നിയമപാലകരുടെ ഔദ്യോഗിക  കൃത്യനിർവ്വഹണത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രവണതകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയിൽ പലതും നിയമ വ്യവസ്ഥയ്ക്കെതിരെയുള്ള കലാപാഹ്വാനങ്ങളുമാണ്.

സൈബർ കുറ്റകൃത്യങ്ങളന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കുന്നത് വഴി പോലീസുദ്യോഗസ്ഥരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനും കഴിയും. ക്രമസമാധാനച്ചുമതലയും, കേസന്വേഷണച്ചുമതലയും നിർവ്വഹിക്കേണ്ടിവരുന്ന പോലീസ് സേനയ്ക്ക് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം അധിക ജോലി ബാധ്യതതന്നെയാണ്. കേസന്വേഷണങ്ങളിൽ സൈബർ  സെല്ലിന്റെ സഹായമുണ്ടെങ്കിലും പിന്നീടുള്ള നടപടി ക്രമങ്ങൾ പോലീസ് സേനയുടെ ചുമലിൽത്തന്നെയാണ്.

സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക വിഭാഗം തുടങ്ങുന്നതിന് പുറമെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സൈബർ പോലീസ് സ്റ്റേഷനുകൾ  ആരംഭിക്കാവുന്നതാണ്. ഒാൺലൈൻ ചതിക്കുഴികളിൽപ്പെട്ട് സമ്പാദ്യം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ എക്കണോമിക്ക് ക്രൈം വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുമെന്നതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയെ കൂടുതൽ ആധുനിക വത്ക്കരിക്കാനുള്ള നീക്കങ്ങൾ പ്രശംസാർഹമാണ്.

വാഴക്കുലയും തേങ്ങയും ആരാധാനാലയങ്ങളിലെ ഭണ്ഡാരപ്പെട്ടികളിൽ നിന്നും പണവും മോഷ്ടിക്കുന്ന പരമ്പരാഗത തസ്ക്കര സങ്കൽപ്പങ്ങളിൽ നിന്ന് കാലം ഏറെ മാറിക്കഴിഞ്ഞു. കള്ളന്മാർക്കായി ചോരശാസ്ത്രം വരെയുള്ള നാട്ടിൽ സാങ്കേതിക വിദ്യമാറിയതിനനുസരിച്ച് മോഷണരീതികളും മാറിയിട്ടുണ്ട്. കോട്ടും സ്യൂട്ടുമണിഞ്ഞെത്തുന്ന ഹൈടെക്ക് തസ്കരന്മാർ ഇന്റർനെറ്റ് വലനെയ്ത് നടത്തുന്ന തട്ടിപ്പുകളുടെ പ്രഭവകേന്ദ്രം കണ്ടുപിടിക്കാൻ സാധാരണ പോലീസ് പരിശീലനമൊന്നും മതിയാകില്ല.

കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും പരിഷ്ക്കരിക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. പോലീസിൽ ആരംഭിക്കാനുദ്ദേശിക്കുന്ന സാമ്പത്തിക സൈബർ വിഭാഗങ്ങൾ ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. നാലാം കിട സിനിമകളിൽ  കടുത്ത നിറക്കൂട്ടിൽ വികൃതമായി വാർത്തെടുക്കുന്ന പോലീസ് വേഷങ്ങളല്ല യഥാർത്ഥ പോലീസ് സംവിധാനം. മാറുന്ന കാലത്തിനൊപ്പം പോലീസിനെ പരുവപ്പെടുത്തിയെടുക്കുകയെന്നത് തന്നെയാണ് പരിഷ്കൃതമായ ഒരു പോലീസ് സംവിധാനമുണ്ടാക്കാനുള്ള വഴി.

LatestDaily

Read Previous

നീലേശ്വരം എസ്ഐ ഇ .ജയചന്ദ്രൻ വിരമിക്കുന്നു

Read Next

വിന്ധ്യയെ കാമുകൻ വശീകരിച്ചത് മയക്കുമരുന്ന് നൽകി