അനധികൃത മത്സ്യബന്ധനം: കടലിൽ മത്സ്യസമ്പത്ത് കുറയുന്നു

കാഞ്ഞങ്ങാട്: അശാസ്ത്രീയമായ മത്സ്യബന്ധനം കടലിന്റെ ജൈവവ്യവസ്ഥയെത്തന്നെ തകിടം  മറിക്കുന്നതായി പരാതി. അന്യ സംസ്ഥാനങ്ങളിൽ നിന്നും കാസർകോട് ജില്ലയിലെത്തി മത്സ്യബന്ധനം നടത്തുന്നവരാണ് കടലിന്റെ  സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായിരിക്കുന്നത്.പരമ്പരാഗത മത്സ്യബന്ധന രീതികളുപേക്ഷിച്ചാണ് ജില്ലയിൽ  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ അനധികൃത മത്സ്യബന്ധനം നടത്തുന്നത്. മത്സ്യബന്ധനത്തിന് ശേഷം  കടലിൽത്തന്നെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് വലകളും, കയറുകളും, കുപ്പികളും കടലിന്റെ ജൈവ വ്യവസ്ഥയ്ക്ക്  ഭീഷണിയാകുന്നുവെന്നാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.

അശാസ്ത്രീയ രീതിയിലുള്ള മത്സ്യബന്ധനം മൂലം കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെന്നാണ് കണക്കുകൾ  സൂചിപ്പിക്കുന്നത്. മത്തി, അയില, ചെമ്മീൻ എന്നീ മത്സ്യ ഇനങ്ങൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ  സാക്ഷ്യപ്പെടുത്തുന്നു. കാസർകോടൻ തീരത്ത്  നാടൻ  മത്തി കിട്ടാക്കനിയായിട്ട് കാലങ്ങളേറെയായി. വറുതിക്കാലങ്ങളിൽ  മത്സ്യത്തൊഴിലാളികളുടെ അടുപ്പിൽ തീ പുകഞ്ഞിരുന്നത് സുലഭമായി കടലിൽ ലഭിച്ചിരുന്ന മത്തിയുടെ മത്സ്യബന്ധനം മൂലമാണ്. പഴമക്കാരായ മത്സ്യത്തൊഴിലാളികൾ  മക്കളെപ്പോറ്റിയെന്ന് വിളിച്ചിരുന്ന മത്തി കടലിൽ  നിന്നും പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകൾ. സാധാരണക്കാരന്റെ ഇഷ്ട വിഭവമായിരുന്ന മത്തി ഇപ്പോൾ വിലയേറിയ മത്സ്യ ഇനമായി മാറിയതിന്റെ  കാരണം മത്തിയുടെ ദൗർലഭ്യമാണ്.

ഡോൾഫിനുകളും, കടലാമകളും ഇടയ്ക്കിടെ തീരത്ത് ചത്തു പൊങ്ങുന്നതിന്റെ  കാരണവും അശാസ്ത്രീയ മത്സ്യബന്ധനമാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. അനധികൃത മത്സ്യബന്ധനം നിരോധിക്കണമെന്നാവശ്യപ്പെട്ട്  ധീവരസഭ താലൂക്ക് സിക്രട്ടറി വി. വി. കുഞ്ഞികൃഷ്ണൻ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

LatestDaily

Read Previous

അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനെന്ന പേരിൽ പണം തട്ടിയെടുത്തു

Read Next

നീലേശ്വരം എസ്ഐ ഇ .ജയചന്ദ്രൻ വിരമിക്കുന്നു