ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡണ്ടിന് അസോസിയേറ്റ് പ്രൊഫസർ പദവി നൽകിയത് പരിശോധിക്കാൻ സർവ്വകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ യോഗം തീരുമാനിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമന അഭിമുഖത്തിൽ പങ്കെടുത്ത അധ്യാപിക പ്രധാനമന്ത്രിക്ക് നൽകിയ പരാതി ഈ മാസം നാലിന് ചേർന്ന കൗൺസിൽ യോഗത്തിലെ അജണ്ടയിൽ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ തീരുമാനമെടുത്തത്. 2015 ലാണ് വിചാര കേന്ദ്രം നേതാവിന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് നിയമനം നൽകിയത്.
ഈ അഭിമുഖത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് ഉണ്ടായിരിക്കേണ്ട അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ് (ഏപിഐ) മിനിമം സ്കോറായ മുന്നൂറിനും മുകളിലായിരുന്നു. അസോസിയേറ്റ് പ്രൊഫസറാവണമെങ്കിൽ ഒരു പിഎച്ച്ഡി വിദ്യാർത്ഥിക്കെങ്കിലും ഗൈഡ് ആയിരിക്കണമെന്നും ഇന്റർനാഷണൽ പബ്ലിക്കേഷനിൽ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കണമെന്നും നിബന്ധനയുണ്ട്. ഇതൊന്നുമില്ലാത്തയാളായിരുന്ന മുൻ വിചാര കേന്ദ്രം നേതാവിന് ഏപിഐ സ്കോർ 115 ൽ താഴെയായിരുന്നു ഇന്റർവ്യൂവിൽ ലഭിച്ചത്.
സർവ്വകലാശാലയിൽ കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ പ്രതിനിധിയായി കണ്ടെത്തിയ വിചാര കേന്ദ്ര നേതാവിനെ ഏത് വിധേനയും നിയമിക്കുന്നതിന് മുൻ വി. സിയുടെ ഇടപെടലുമുണ്ടായി. ഇപ്രകാരം ഇദ്ദേഹത്തിന്റെ സ്കോർ അധ്യാപികയുടെ സ്കോറായ 310 നും മുകളിൽ 315 ആയി ഉയർത്തുകയായിരുന്നു. അഭിമുഖത്തിന് ശേഷം അഭിമുഖം നടത്തിയവരുടെ താമസ സ്ഥലത്ത് എത്തിയാണ് സ്കോർ വർധിപ്പിച്ചതെന്നും ഒപ്പിട്ട തീയ്യതി അഭിമുഖം നടത്തിയ ദിവസത്തേതല്ലെന്നും ആക്ഷേപമുണ്ട്.
അധ്യാപിക വിവരാവകാശ നിയമപ്രകാരം സ്കോർ വിവരങ്ങൾ ചോദിച്ചപ്പോൾ നൽകിയില്ല. തുടർന്നാണ് അന്നത്തെ വി. സി. ഗോപകുമാറിനും പ്രധാനമന്ത്രിയുടെ ഒാഫീസിനും പരാതി നൽകിയത്. മിനിമം സ്കോർ നിയമത്തിനെതിരെയുള്ള ഒാഡിറ്റ് റിപ്പോർട്ട്, മുൻ കാലപ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകിയത്, തുടങ്ങിയ വിഷയങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ സർവ്വകലാശാല ഗ്രിവൻസ് റിഡ്രസ്സൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന്റെ മിനുട്ട്സിൽ വിചാര കേന്ദ്രം നേതാവിന്റെയോ, അധ്യാപികയുടെയോ പേര് പരാമർശിച്ചിട്ടില്ല. സർവ്വകലാശാലയിൽ ബിജെപിയുടെ ഒരു വിഭാഗത്തിന്റെ മാത്രം താൽപ്പര്യം സംരക്ഷിക്കുന്നുവെന്നതിന്റെ പേരിൽ ബിജെപിയും ആരോപണ വിധേയനായ ആർഎസ്എസ് നേതാവിനെ ഇപ്പോൾ ഒറ്റപ്പെടുത്തുന്നുണ്ട്.