അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനെന്ന പേരിൽ പണം തട്ടിയെടുത്തു

ബേക്കൽ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ അഗ്നിരക്ഷോപകരണങ്ങൾ സ്ഥാപിച്ച് ഫയർഫോഴ്സിന്റെ അനുമതി രേഖകൾ സംഘടിപ്പിച്ച്  നൽകാൻ കരാറുണ്ടാക്കിയ ശേഷം വ്യാജ സമ്മതിപത്രം നിർമ്മിച്ച്  സ്ഥാപനത്തെ കബളിപ്പിച്ചയാൾക്കെതിരെ കേസ്സ്. പെരിയ ആലക്കോട്ടെ ദി ഗാർഡിയൻ ഇംഗ്ലീഷ് സ്കൂളിൽ അഗ്നിരക്ഷാഉപകരണങ്ങൾ  സ്ഥാപിക്കാൻ കരാറെടുത്ത കണ്ണൂർ ജൂബിലി ബസാറിലെ അഫ്കോ എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടറാണ് സ്കൂൾ അധികൃതരെ വഞ്ചിച്ചത്.

2019 ലാണ് ഗാർഡിയൻ സ്കൂൾ അധികൃതർ കണ്ണൂരിലെ സ്ഥാപനവുമായി കരാറുണ്ടാക്കിയത്. പെരിയ ഗാർഡിയൻ സ്ക്കൂളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ച് അഗ്നിരക്ഷാവകുപ്പിൽ നിന്നും അനുമതി രേഖകൾ സംഘടിപ്പിച്ച് നൽകാനായിരുന്നു കരാർ. അഫ്കോയുടെ മാനേജിങ്ങ് ഡയറക്ടറായ എം. വി. ലിജേഷ് ട്രഷറി  ചലാൻ, ഫയർഫോഴ്സിന്റെ അനുമതി പത്രം എന്നിവ വ്യാജമായി തയ്യാറാക്കി  സ്കൂളിനെ വഞ്ചിച്ചെന്നാണ് പരാതി.

അഗ്നിരക്ഷോപകരണങ്ങൾ സ്ഥാപിക്കാനും, ഫയർഫോഴ്സിന്റെ അനുമതി പത്രം സംഘടിപ്പിക്കാനുമെന്ന വ്യാജേന ലിജേഷ് സ്കൂൾ അധികൃതരിൽ നിന്നും 1,83,000 രൂപയും തട്ടിയെടുത്തു. സംഭവത്തിൽ പെരിയ ഗാർഡിയൻ ഇംഗ്ലീഷ് സ്കൂൾ  ഡയറക്ടർ വെള്ളിക്കോത്തെ പീറ്റർ  ലൂക്കോസിന്റെ പരാതിയിലാണ് കണ്ണൂരിലെ  അഫ്കോ എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടർ എം. വി.  ലിജേഷിനെതിരെ ബേക്കൽ  പോലീസ് വഞ്ചനാക്കുറ്റമടക്കം നാലോളം വകുപ്പുകൾ ചുമത്തി കേസ്സെടുത്തത്.

LatestDaily

Read Previous

ഹരിദാസ് വധക്കേസ്സ് പ്രതിയുടെ അറസ്റ്റിൽ ബിജെപി പ്രതിഷേധം

Read Next

അനധികൃത മത്സ്യബന്ധനം: കടലിൽ മത്സ്യസമ്പത്ത് കുറയുന്നു