ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ഒന്നാം പ്രതി

രവി പാലയാട്

തലശ്ശേരി: പുന്നോലിലെ സി പി എം പ്രവർത്തകൻ താഴെ വയലിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസിനെ 54, വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ടും തലശ്ശേരി നഗരസഭാ ബിജെപി കൗൺസിൽ പാർട്ടി നേതാവുമായ കെ.ലിജേഷ് ഒന്നാം പ്രതി – കഴിഞ്ഞ ദിവസം അറസ്റ്റിലായ ലിജേഷിനെ ചൊവ്വാഴ്ച രാത്രി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിമാൻറ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ലിജേഷിന്റെ പങ്ക് വ്യക്തമായത്. ഹരിദാസ് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ലിജേഷ് വിളിച്ച വാട്ട്സ് ആപ്പ് കോളാണ് കേസിൽ നിർണ്ണായകമായത്. പ്രസ്തുത വാട്ട്സ് ആപ്പ് കോൾ വഴി തെറ്റിയെത്തിയത് കണ്ണവം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്റെ  ഫോണിലേക്കായിരുന്നു. മണിയല്ലേ എന്ന് ചോദിച്ചായിരുന്നു സംഭാഷണ തുടക്കം സുനേഷ് എന്നയാളെ മണിയെന്നാണ് വിളിക്കുന്നത്.വഴി മാറി വന്ന കോൾ കിട്ടിയ ഉടൻ പോലീസുദ്യോഗസ്ഥൻ  തിരിച്ച് വിളിച്ചെങ്കിലും പിന്നീട് വിളിക്കാമെന്ന് പറഞ്ഞു ലിജേഷ് കട്ട് ചെയ്തു.

ഇതിൽ പിന്നീടാണ്  ലിജേഷ് വിളിച്ചത് അറസ്റ്റിലായ സുനേഷിനെയാണെന്ന്‌ തിരിച്ചറിഞ്ഞത് – ഹരിദാസൻ ഹാർബറിൽ നിന്ന് പുറപ്പെടുന്ന വിവരം കൊലയാളി സംഘത്തെ വിളിച്ചറിയിച്ചത് സുനീഷായിരുന്നു. ഈ ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്  ലിജേഷിലേക്കെത്തിച്ചത്.ഒരാഴ്ച മുൻപും കൊല്ലാനായി പ്രതികൾ ഹരിദാസിനെ തേടിയെത്തിയിരുന്നതായി റിപ്പോർട്ടിലുണ്ട്. രണ്ടാം പ്രതിയും ഇപ്പോൾ റിമാൻ്റിൽ ജയിലിൽ കഴിയുന്നയാളുമായ പുന്നോലിലെ കെ.വി.വിമിൻ ഇത് സമ്മതിച്ചതായി കുറ്റസമ്മത മൊഴിയുണ്ട്. 14 ന് രാത്രിയിലായിരുന്നു ഇതിനായി ശ്രമിച്ചത് .ഇപ്പോൾ അന്വേഷണ സംഘത്തിന്റെ  കസ്റ്റഡിയിലുള്ള നിജിൽദാസുമായും മറ്റൊരു കുറ്റാരോപിതനായ ആത്മജനുമായും വിമിൻ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം പോലിസ് ശേഖരിച്ചു കഴിഞ്ഞു.

എന്നാൽ അന്നത്തെ ഉദ്യമം നടന്നില്ല. ഹരിദാസന്റെ രാത്രി കാല സഞ്ചാരം മനസിലാക്കാൻ മൂന്നാം പ്രതി യും ബി.ജെ.പി. ബൂത്ത് പ്രസിഡണ്ടുമായ സുനേ ഷിനെയാണ്  കേസിലെ ഒന്നാം പ്രതിയായ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ലിജേഷ് ഏൽപിച്ചിരുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതിൽ പിന്നീട് രണ്ടാം ശ്രമത്തിലാണ് ഹരിദാസനെ കൊലയാളി സംഘത്തിന് വക വരുത്താനായത്.- -രാഷ്ട്രീയ വിരോധത്താൽ ഗൂഡാലോചന നടത്തിയായിരുന്നു  കൃത്യം നിറവേറ്റിയത്. ഹരിദാസ് കൊല്ലപ്പെട്ട ശേഷം ലിജേഷിന്റെ രക്ഷയെ കരുതി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ ഘട്ടത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൽ ബി.ജെ.പി.നേതാവിനുള്ള പങ്കാളിത്തം തിരിച്ചറിഞ്ഞത്. സൈബർ തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യൽ അറസ്റ്റിലേക്കെത്തി. ഇതിനൊപ്പം ഇദ്ദേഹം നടത്തിയ വിവാദ പ്രസംഗവും നിർണായകമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1-30 മണിയോടെയാണ് മത്സ്യ ബന്ധന ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഹരിദാസനെ അക്രമികൾ വീട്ടുമുറ്റത്തും പറമ്പിലൂമിട്ട് വെട്ടിക്കൊന്നത്. ദേഹത്ത് 20 ഓളം മാരകമായ വെട്ടേറ്റ ഹരിദാസന്റെ  ഇടത് കാൽ കൊലയാളികൾ അറുത്തെറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ എട്ടിന് സ്ഥലത്തെ മൂത്ത കൂലോത്ത് ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് ബി.ജെ.പി.പ്രവർത്തകർക്ക് മർദ്ദനമേറ്റതും രാഷ്ട്രിയ പകപോക്കലിന് വഴിയൊരുക്കി.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

Read Next

കോട്ടച്ചേരി മേൽപ്പാലം ഉദ്ഘാടനം മാർച്ച് 7-ന്