എം.ടി.മുഹമ്മദ് കുഞ്ഞിഹാജിക്ക് ജന്മനാട് വിട നൽകി

പള്ളിക്കര: ഗൾഫ് വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ കല്ലിങ്കാൽ തൊട്ടിഅലീമ പാലസിൽ എം.ടി.മുഹമ്മദ് ഹാജി 68, അന്തരിച്ചു. പരേതരായ എം.ടി.അബ്ദുള്ളയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനാണ്. ഹലീമ ഹജ്ജുമ്മ15 ദിവസം മുൻപാണ് മരിച്ചത്. ഭാര്യ:കുഞ്ഞാസ്യ .മക്കൾ : ഡോ.വഹാബ്, വാജിബ് (സോഫ്റ്റ്‌വെയര്‍ എൻജിനീയർ), വാഹിദ്,നജ്‌ല,ഹലീമത്ത് നാദില, അലീന മരുമക്കൾ: ഡോ.ഖമറുന്നീസ,താജുന്നീസ (സോഫ്റ്റ്‌വെയര്‍ എൻജിനീയർ),സുമയ്യ (എയർ ഹോസ്റ്റസ് ഖത്തർ എയർ ലൈൻസ്), ഡോ.ഹാരീസ് അതിഞ്ഞാൽ, ഷുഹൈബ് (മംഗ്ലൂരു), സഹോദരങ്ങൾ: കുഞ്ഞാസ്യ, നഫീസ, പരേതയായ ഫാത്തിമ. സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേർ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. രാത്രി 10 മണിക്ക് തൊട്ടി ജുമാ മസ്ജിദ് പരിസരത്ത്  മൃതദേഹം മറവ് ചെയ്തു. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് എം.ടിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു.

എംടി ലേറ്റസ്റ്റിന്റെ ബന്ധു

ഇന്നലെ അന്തരിച്ച പള്ളിക്കര തൊട്ടിയിലെ എം.ടി. മുഹമ്മദ്ഹാജി ലേറ്റസ്റ്റ് പത്രത്തിന്റെ നാലു പതിറ്റാണ്ടു കാലത്തെ അഭ്യുദയകാംക്ഷിയായിരുന്നു. എംടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കാറുള്ള മുഹമ്മദ്കുഞ്ഞി ഹാജി തൊള്ളായിരത്തി എൺപതുകളിൽ മുംബൈയിലായിരുന്നു. പിന്നീട് ദുബായ് കേന്ദ്രമാക്കി വ്യാപാര മേഖലയിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ആദ്യകാലത്ത് ഗൾഫ് നാടുകളിൽ ലേറ്റസ്റ്റ് പത്രം പ്രചരിപ്പിക്കാൻ എംടി മുൻ നിരയിലുണ്ടായിരുന്നു.

1989 കാലത്ത് ബേക്കലിലെ ഷഹനാസ് ഹംസ കൊല ചെയ്യപ്പെട്ടപ്പോൾ ഹംസയുടെ കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ കണ്ടെത്താൻ ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിൽ എംടി മുഖ്യസഹായി ആയിരുന്നു. അക്കാലത്ത് ലേറ്റസ്റ്റിന് യുഏഇയിലുണ്ടായിരുന്ന പ്രചാരം 500 കോപ്പികളിൽ നിന്ന് 1600 കോപ്പികളിലേക്ക് ഉയർന്നത് ഹംസ വധത്തിന്റെ ഉള്ളറകൾ ലേറ്റസ്റ്റിലൂടെ അറിയാനുള്ള ഗൾഫ് മലയാളികളുടെ കാത്തിരിപ്പായിരുന്നു.

നിറഞ്ഞ ചിരിയോടെ എന്നും പ്രസന്നവദനനായി കാണപ്പെടാറുള്ള എംടി ഗൾഫിലും നാട്ടിലും ഒതുങ്ങിയ ജീവിതമായിരുന്നു. മുസ്്ലീം ലീഗിനോട് ആഭിമുഖ്യം പുലർത്തുമ്പോഴും, ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായും എംടി ഏറെ അടുപ്പം  സ്ഥാപിച്ചു. രണ്ടാഴ്ച മുമ്പാണ് എംടിയുടെ മാതാവ് അലീമ ഹജ്ജുമ്മ മരണപ്പെട്ടത്. അന്ന് എംടിയുടെ വീട്ടിലെത്തി മാതാവിന്റെ വിയോഗത്തിൽ നേരിട്ട് അനുശോചനമറിയിച്ച് മടങ്ങുമ്പോൾ, എംടി ഇത്ര പെട്ടെന്ന് വിട പറയുമെന്ന് നിനച്ചതേയില്ല.

ഉമ്മയ്ക്ക് കൃത്യമായി എത്ര വയസ്സായെന്ന് ആർക്കും അറിയില്ലെന്ന് എംടി അദ്ദേഹത്തിന്റെ വീട്ടിലെ  പ്രത്യേക സ്വീകരണ മുറിയിൽ അന്ന് പറഞ്ഞു. പള്ളിക്കര കല്ലിങ്കാൽ ഗ്രാമത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. അതോടൊപ്പം അധികമാരും അറിയാതെ അശരണർക്ക് അദ്ദേഹം വാരിക്കോരി കൊടുക്കുകയും ചെയ്തു. ഒരു ഗ്രാമത്തിന്റെ തണലാണ് ഇന്നലെ മണ്ണിൽ നിന്ന് മാഞ്ഞുപോയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ലേറ്റസ്റ്റിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

LatestDaily

Read Previous

ബിജെപിയിൽ ആഭ്യന്തര പ്രതിസന്ധി

Read Next

മൂന്നാം കടവിൽ വീണ്ടും ലോറി മറിഞ്ഞു