കാസർകോട്: കാസർകോട് ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചതിന് മൂന്ന് എംഎസ്എഫ് പ്രവർത്തകർക്കെതിരെ കാസർകോട് പോലീസ് കേസ്സെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12-45 നാണ് കാസർകോട് ഗവൺമെന്റ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സിക്രട്ടറിയും, പള്ളിക്കര ഇല്യാസ് നഗർ കമ്പാർ ക്വാർട്ടേഴ്സിലെ ആൽബർട്ടിന്റെ മകനുമായ ഇമ്മാനുവൽ, സഹപാഠി അനുരാജ് 20, എന്നിവരെ എംഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചത്.
ഗവൺമെന്റ് കോളേജിന്റെ ശുചിമുറിക്ക് സമീപത്താണ് എംഎസ്എഫ് പ്രവർത്തകർ ഇമ്മാനുവലിനെയും കൂട്ടുകാരെയും വളഞ്ഞിട്ടാക്രമിച്ചത്. വാരിക്കഷണം കൊണ്ടുള്ള അടിയേറ്റ് ഇമ്മാനുവലിന്റെ മൂക്കിന് സാരമായി പരിക്കേറ്റു. സനത്ത്, ഫായിസ്, ഷഹബാദ് അബ്ദുള്ള എന്നിവർ ചേർന്നാണ് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന്റെയും, ഇലക്ഷനിൽ മൽസരിച്ചതിന്റെയും വൈരാഗ്യത്തിലാണ് മർദ്ദനമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു.