എൽബിഎസ് കോളേജ് അക്രമം 7 വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമക്കേസ്സ്

ആദൂർ: എസ്എഫ്ഐ പ്രവർത്തകനെ ആക്രമിച്ചതിന് ഏഴ് എംഎസ്എഫ് പ്രവർത്തകർക്കെതിരെ ആദൂർ പോലീസ് നരഹത്യാശ്രമത്തിന് കേസ്സെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് പൊവ്വൽ എൽബിഎസ് കോളേജിലാണ് ആക്രമണമുണ്ടായത്.

പനയാൽ പൊടിപ്പള്ളത്തെ രാധാകൃഷ്ണന്റെ മകനും എൽബിഎസ് കോളേജ് വിദ്യാർത്ഥിയുമായ ഏ. സ്വരാജിനെയാണ് 22, എംഎസ്എഫ് പ്രവർത്തകരായ റെബി, റമീസ്, ഷാനിദ്, മുബഷിർ, പ്രജ്വൽ, നെസി, ഷിബാൻ എന്നിവർ ചേർന്ന് ആക്രമിച്ചത്. കോളേജിന്റെ മുൻവശത്ത് കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്ന സ്വരാജിനെ എംഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിലെത്തിയ സംഘമാണ്  ഇരുമ്പ് വടി, കല്ല്, മരവടി മുതലായവയുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. തലയ്ക്ക് കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റാണ് സ്വരാജിന് സാരമായി പരിക്കേറ്റത്.

എസ്എഫ്ഐ പ്രവർത്തകനായ സ്വരാജ് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ആക്രമത്തിൽ കോളേജ് യുയുസി പി. ആശിഷ് യതീഷ്, എസ്എഫ്ഐ യൂണിറ്റ് സിക്രട്ടറി വി. പി. രാഹുൽ എന്നിവർക്കും പരിക്കേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ 21 എണ്ണത്തിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ഇതാണ് എംഎസ്എഫ് പ്രവർത്തകരുടെ വൈരാഗ്യത്തിന് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു.

LatestDaily

Read Previous

കോളേജ് വിദ്യാർത്ഥിനികൾക്ക് നഗ്നത പ്രദർശിപ്പിച്ച മുൻ സൈനികൻ മുങ്ങി

Read Next

കോഴിക്കോട് സ്വദേശിയായ ഡ്രൈവറെ കാണാനില്ല