കല്ലൂരാവിയിൽ പോലീസിനെ ആക്രമിച്ച 13 പേർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ  ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ എസ്ഐയെ പതിമൂന്നംഗ സംഘം ആക്രമിച്ചു. ഇന്നലെ സന്ധ്യയ്ക്ക് 6 മണിക്കാണ് ഹൊസ്ദുർഗ്ഗ് എസ്ഐ, ബാവ അക്കരക്കാരനെ വാഹന പരിശോധനക്കിടെ ഒരു സംഘം ആക്രമിക്കുകയും പോലീസ് വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തത്.

കല്ലൂരാവിയിൽ വാഹന പരിശോധനക്കിടെ ഹെൽമറ്റില്ലാതെ വാഹനമോടിച്ച ഷമീറിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയെ ഷമീം 45, മുഹമ്മദ് 45, നൗഫൽ 39, എന്നിവർ ചേർന്ന് ആക്രമിച്ചത്. ഷമീമിന്റെ നേതൃത്വത്തിലുള്ള സംഘം എസ്ഐയെ ബലമായി പിടിച്ചു നിർത്തി അദ്ദേഹത്തിന്റെ വലതുകൈ പിടിച്ചൊടിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.

പോലീസുദ്യോഗസ്ഥൻ വയർലെസ്സിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിനിടയിൽ അക്രമി സംഘം താക്കോൽ പോലീസ് വാഹനത്തിലേക്കെറിഞ്ഞ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമത്തിൽ കൈയ്ക്ക് പരിക്കേറ്റ എസ്ഐ, ബാവ അക്കരക്കാരനെ ജില്ലാ ആശുപത്രിയിൽ ചികിൽസിച്ചു. എസ്ഐയെ ആക്രമിച്ച ഷമീം ഓടിച്ചിരുന്നത് കേസ്സിലെ മറ്റൊരു പ്രതിയായ  മുഹമ്മദിന്റെ വാഹനമാണ്.

പോലീസിനെ ആക്രമിച്ചതിനും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഷമീം, നൗഫൽ, മുഹമ്മദ് കണ്ടാലറിയാവുന്ന 10 പേർ എന്നിങ്ങനെ 13 പേർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെല്ലാം മയക്കുമരുന്നിന്റെ  ലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. 

LatestDaily

Read Previous

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

Read Next

പെൺകുട്ടി തൂങ്ങി മരിച്ചു