ഐഎൻഎൽ തർക്കത്തിൽ മധ്യസ്ഥതയില്ലെന്ന് മന്ത്രി

കാഞ്ഞങ്ങാട്: ദേശീയ സമിതി തീരുമാനം ലംഘിച്ച് സംസ്ഥാന കൗൺസിൽ വിളിച്ച് ചേർത്ത  ഏ. പി. അബ്ദുൽ  വഹാബിനും നാസർ കോയ തങ്ങൾക്കുമെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഐഎൻഎൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. കൃത്യമായ മറുപടിയില്ലെങ്കിൽ നടപടിയുണ്ടാവും. അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്.

നിയമപരമായ നടപടികൾ പൂർത്തീകരിച്ച ശേഷം ഇരുവരെയും പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിയമ വിരുദ്ധമായി വഹാബ്  പക്ഷം വിളിച്ച്  ചേർത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടിയുണ്ടാവും. പാർട്ടി ദേശീയ സമിതിയുടെ നിർദ്ദേശം തള്ളി വഹാബ് പക്ഷം വ്യാഴാഴ്ച കോഴിക്കോട്ട് സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് ചേർത്ത് പുതിയ ഭാരവാഹികളെ  പ്രഖ്യാപിക്കുകയും ദേശീയ സമിതിയെ  രൂക്ഷമായി  വിമർശിച്ച അബ്ദുൽ വഹാബ് തന്നെ ദേശീയ സമിതിയെ കുറ്റപ്പെടുത്തുകയുമുണ്ടായി.

ദേശീയ സമിതി പിരിച്ചു വിട്ട പ്രസിഡണ്ടെന്ന നിലയിൽ അബ്ദുൽ വഹാബിന് സംസ്ഥാന കൗൺസിൽ  വിളിച്ച്  ചേർക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതേസമയം സംഘടനാ കാര്യങ്ങൾക്കായി തിരുവനന്തപുരത്തെത്തിയ കാന്തപുരം ഏ. പി. അബൂബക്കർ മുസ്ല്യാർ ഐഎൻഎൽ അഡ്ഹോക്ക്  കമ്മിറ്റി ചെയർമാൻ കൂടിയായ  മന്ത്രി അഹ്മദ് ദേവർകോവിലിനെ സന്ദർശിച്ചത്.

മധ്യസ്ഥ ചർച്ചകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിന്റേത് സൗഹൃദ സന്ദർശനം മാത്രമാണെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. ഐഎൻഎൽ വിഷയത്തിൽ ഇനി മധ്യസ്ഥതയ്ക്കില്ലെന്ന്  കാന്തപുരം നേരത്തെ വ്യക്തമാക്കിയതാണ്. മധ്യസ്ഥതയുടെ ആവശ്യം തങ്ങൾക്കിനി ഇല്ലെന്ന് മന്ത്രി അഹ്മദ് പറഞ്ഞു.

LatestDaily

Read Previous

ജനറൽ ആശുപത്രി മരംമുറിയിൽ വിജിലൻസ് അന്വേഷണം

Read Next

കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു