കല്ല്യോട്ട് ലൈംഗീക പീഡനം: ഒാട്ടോ ഡ്രൈവർ പിടിയിൽ

ബേക്കൽ:  ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ല്യോട്ട് പത്തുവയസ്സുകാരിയെ  കയറിപ്പിടിച്ച്  ലൈംഗീക പീഡനത്തിനിരയാക്കിയ  ഒാട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. ഐഎൻടിയുസി  പ്രവർത്തകനും കല്ല്യോട്ടെ ഒാട്ടോ ഡ്രൈവറുമായ ഗോപാലകൃഷ്ണനെയാണ് 60,  പോക്സോ കേസ്സിൽ  ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ജനുവരി 21– നാണ് കേസ്സിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഒാട്ടോ ഡ്രൈവർ പെൺകുട്ടിയെ കയറിപ്പിടിച്ച് മാനഭംഗത്തിന് ശ്രമിച്ചത്. കുട്ടിയുടെ മാതാവ് ആശുപത്രിയിലായിരുന്നു.  പീഡനം കോൺഗ്രസ്സ്  നേതാക്കൾ ഇടപെട്ട് ഒതുക്കാൻ ശ്രമിച്ചു. ആരോപണ വിധേയനായ ഗോപാലകൃഷ്ണനെ ഏതാനും ദിവസം മുമ്പ്  ഒാട്ടോ സ്റ്റാന്റിൽ നിന്നും പുറത്താക്കിയിരുന്നു.

60 കാരനായ ഗോപാലകൃഷ്ണന് ഭാര്യയും മക്കളുമുണ്ട്. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ്സെടുത്തു. കോൺഗ്രസ്സ് നേതാക്കളുടെ  സമ്മർദ്ദത്തെത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി കൊടുക്കാൻ തയ്യാറായിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്  നേരെ നടന്ന അതിക്രമത്തെക്കുറിച്ച് ചൈൽഡ് ലൈൻ  കോ–ഒാഡിനേറ്റർ ബാലാവകാശ കമ്മീഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ്സെടുത്തത്.

സംഭവത്തെക്കുറിച്ച്  അന്വേഷിച്ച്  റിപ്പോർട്ട് നൽകാൻ  ജില്ലാ പോലീസ്  മേധാവിക്കും ബേക്കൽ പോലീസ്  സ്റ്റേഷൻ  ഹൗസ് ഒാഫീസർക്കും, ജില്ലാ ശിശു സംരക്ഷണ ഒാഫീസർക്കും  ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പെൺകുട്ടിയെ കടന്നുപിടിച്ച ഒാട്ടോ ഡ്രൈവർക്കെതിരെ ശക്തമായ നിയമ നടപടികളാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയും രംഗത്തുണ്ട്.

അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബേക്കൽ പോലീസ് ഒാട്ടോ ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്തത്. കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്ക്  ശേഷം കോടതിയിൽ ഹാജരാക്കും.

Read Previous

ഭീമനടി ബലാത്സം​ഗം: പാസ്റ്റർക്ക് 17 വർഷം കഠിനതടവ്

Read Next

ടോക്കൺ 60; എല്ല് ഡോക്ടറെ കാണാൻ വിയർക്കണം