രാസലായിനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം കടകളിൽ സംയുക്ത പരിശോധന

കാഞ്ഞങ്ങാട്:  തൃക്കരിപ്പൂരിൽ നിന്ന് പഠനയാത്രക്ക് പോയി കോഴിക്കോട്ട് കടപ്പുറത്തെ ഉപ്പിലിട്ടത് വിൽക്കുന്ന  കടയിൽ നിന്ന്  രാസലായിനി കുടിച്ച രണ്ട് കുട്ടികൾക്ക്  പൊള്ളലേറ്റ സഭവത്തിൽ കോഴിക്കോട്ടെ ഇത്തരം കടകളിൽ ആരോഗ്യ വകുപ്പ്  പരിശോധന. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ വൈകീട്ട് പരിശോധന നടത്തിയത്.

തൃക്കരിപ്പൂർ ആയിറ്റിയിലെ കുഞ്ഞഹമ്മദിന്റെ  മകൻ മുഹമ്മദ് 14, കാദറിന്റെ മകൻ സാബിദ് 14, എന്നിവർക്കാണ് രാസലായിനി കുടിച്ച്  ശരീരത്തിൽ പൊള്ളലേറ്റത്. മുഹമ്മദിന് വായ്ക്കകത്തും, സാബിദിന് തോളിലും, പുറത്തുമാണ് പൊള്ളലേറ്റത്. ആയിറ്റിയിലെ മദ്രസ്സയിൽ നിന്ന് അധ്യാപകർക്കൊപ്പമാണ് വിദ്യാർത്ഥികളുടെ സംഘം ഞായറാഴ്ച വൈകീട്ട്  കോഴിക്കോട് വരക്കൽ ബീച്ചിലേക്കെത്തിയത്. ബീച്ചിൽ  ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്ന് കാരറ്റ് കഴിച്ചതിന് ശേഷം, മുഹമ്മദിന് എരിവനുഭവപ്പെട്ടപ്പോൾ,  കടയിലുണ്ടായിരുന്ന കുപ്പിയിൽ വെള്ളമെന്ന്  കരുതി ലായനി കുടിക്കുകയായിരുന്നു.

വായ പൊള്ളിയപ്പോൾ മുഹമ്മദ് പുറത്തേക്ക് തുപ്പി.  ലായനി തൊട്ടടുത്തുണ്ടായിരുന്ന  സുഹൃത്ത് സാബിദിന്റെ ദേഹത്ത് വീണു. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ നൽകിയ ശേഷം മുഹമ്മദിനെ നാട്ടിലേക്കയക്കുകയും,  പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, സാബിദിന് പൊള്ളലേറ്റ വിവരം പിറ്റേദിവസമാണ് നാട്ടിലറിഞ്ഞത്. സാബിദിനെയും ആശുപത്രിയിലേക്ക്  മാറ്റി. ഇരുവരുടെയും ബന്ധുക്കൾ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി. കുട്ടിയുടെ വായിൽ നിന്ന് പുറത്ത് വന്ന ദ്രാവകത്തിന്റെ ഗന്ധത്തിൽ ആസിഡ് കലർന്ന  വിനാഗിരിയായിരിക്കാം അപകടത്തിന് കാരണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.

ഉപ്പിലിട്ടത് വേഗം പാകമാകാനാണത്രെ ആസിഡ് ഉപയോഗിക്കുന്നത്.  ഇത്തരം ഉപ്പിലിട്ടത് നാട്ടിൽ പരക്കെ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ട്. ഇതേ തുടർന്ന് കോഴിക്കോട് വരക്കലിൽ  ഉപ്പിലിട്ടത് വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന നടന്നു. ഉപ്പിലിട്ടതിന്റെ രാസലായനികളുടെ  സാമ്പിളുകൾ എടുത്ത് വിദഗ്ദ പരിശോധന നടത്തുന്നുണ്ട്. ബീച്ചിലുള്ള കടകളിലാണ്  ഇപ്പോൾ വ്യാപക പരിശോധന നടത്തുന്നത്. മറ്റിടങ്ങളിലും ഇത്തരം ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ ധാരാളമായിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് കാര്യമായ പോറലേൽപ്പിക്കുന്ന ഇത്തരം ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ നാട്ടുമ്പുറങ്ങളിലും പട്ടണങ്ങളിലും വ്യാപകമാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് വീണ്ടും വാഹനാപകടം അംഗപരിമിതൻ യുവാവ് മരിച്ചു

Read Next

പെൺകുട്ടികളെ കോഴിക്കോട്ടെത്തിച്ച യുവാവ് അറസ്റ്റിൽ