രാജു കട്ടക്കയത്തിനെതിരെ സിപിഎം പഞ്ചായത്ത് ഒാഫീസ് മാർച്ച്

വെള്ളരിക്കുണ്ട്: പഞ്ചായത്ത് സിക്രട്ടറിയെ കയ്യേറ്റം ചെയ്ത ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിനെതിരെ  സിപിഎം മാലോം, ബളാൽ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത്  പ്രസിഡണ്ടിനെതിരെ അഴിമതിയാരോപണങ്ങളുയർന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടാണ് മാർച്ച്.

ഫെബ്രുവരി 10 ന് രാവിലെ  10-45 മണിക്കാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട്  രാജു കട്ടക്കയം, പഞ്ചായത്തംഗം വിനു എന്നിവരുടെ നേതൃത്വത്തിൽ ബളാൽ  പഞ്ചായത്ത് സിക്രട്ടറി മിഥുൻ കൈലാസിന്റെ ഒാഫീസ് മുറിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. പട്ടികജാതിക്കാരുടെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് തന്നിഷ്ട പ്രകാരം തയ്യാറാക്കിയ ലിസ്റ്റ് അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണ്  സിക്രട്ടറിയെ മുറിയിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയത്.

കാലാകാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ബളാൽ പഞ്ചായത്ത്.  കോൺഗ്രസ്സ് നേതാവായ രാജു കട്ടക്കയമാണ് ബളാൽ പഞ്ചായത്തിന്റെ പ്രസിഡണ്ട്. പഞ്ചായത്ത് സിക്രട്ടറിയെ പ്രസിഡണ്ട് തന്നെ ഭീഷണിപ്പെടുത്തിയതോടെ വിവാദപുരുഷനായ രാജു കട്ടക്കയത്തിനെതിരെ അഴിമതിയാരോപണമുയർത്തിയാണ് സിപിഎം രംഗത്തുള്ളത്.

കിനാനൂർ കരിന്തളം  പഞ്ചായത്തിലും  ബളാൽ പഞ്ചായത്തിലുമായി  സ്ഥിതി ചെയ്യുന്ന ക്വാറിയുടെ അനുമതി പുതുക്കി നൽകാൻ അദ്ദേഹം  ക്വാറിയുടമയോട് 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണവുമുണ്ട്. ബളാൽ പഞ്ചായത്ത്  പ്രസിഡണ്ട്  ഭരണസമിതിയിലെ മറ്റംഗങ്ങളോട്  മോശമായി പെരുമാറുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭീഷണി ഭയന്ന് പലരും ഇത് തുറന്ന് പറയാറില്ല. ബളാൽ പഞ്ചായത്തിൽ നടന്ന വിവാദത്തിൽ സോഷ്യൽ മീഡിയയിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നുണ്ട്.  പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് സിക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്സ് മണ്ഡലം,  ബ്ലോക്ക്  നേതൃത്വങ്ങളോ ഡിസിസിയോ ഇതുവരെ  പ്രതികരിച്ചിട്ടില്ല. പഞ്ചായത്തിൽ പുതുതായുണ്ടായ സംഭവവികാസങ്ങൾ രാജു കട്ടക്കയത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് സിപിഎം.

LatestDaily

Read Previous

കാത്ത് ലാബിനെ കാത്ത് ഹൃദ് രോഗികൾ

Read Next

ഹൃദയാഘാതം വക്കീൽ ഗുമസ്ഥൻ അന്തരിച്ചു