കാത്ത് ലാബിനെ കാത്ത് ഹൃദ് രോഗികൾ

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ജനങ്ങൾക്ക് തുറന്നുകൊടുക്കാത്ത കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ കാത്ത് ലാബിനെ കാത്ത് ജില്ലയിലെ ഹൃദ് രോഗികൾ. ഒന്നാം പിണറായി സർക്കാർ 5 വർഷം പൂർത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുന്നതിന് തൊട്ടു മുമ്പാണ് ധൃതി പിടിച്ച് കാത്ത് ലാബിന്റെ ഉദ്ഘാടനം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരനും  ചേർന്ന് നേരിട്ടെത്തി നിർവ്വഹിച്ചത്.

ഉദ്ഘാടനത്തിന് മാസങ്ങൾക്ക് മുമ്പ് ജില്ലാശുപത്രിയുടെ തെക്ക് ഭാഗത്തുള്ള മുറിയിൽ  യന്ത്ര സാമഗ്രികൾ സ്ഥാപിച്ച് മുറി ശീതീകരണ ജോലികളും പൂർത്തീകരിച്ചിരുന്നു. യന്ത്ര സാമഗ്രികൾ സ്ഥാപിച്ച തമിഴ്നാട്ടിലെ എഞ്ചിനീയർ സംഘത്തിന്റെ പക്കലാണിപ്പോഴും കാത്ത് ലാബ് കെട്ടിടത്തിന്റെ താക്കോലുള്ളത്.  ഇത് അതിശയിപ്പിക്കുന്ന അനാസ്ഥയാണ്.  ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും, ഔദ്യോഗികമായി കാത്ത് ലാബ് സംവിധാനം  കരാറുകാർ, ആരോഗ്യവകുപ്പിന് വിട്ട് നൽകിയിട്ടില്ല.

വിദഗ്ദ ഡോക്ടർമാരുൾപ്പെടെ നിരവധി തസ്തികകളിലുള്ള നിയമനം പൂർത്തിയായാൽ മാത്രമെ കാത്ത് ലാബ് പ്രവർത്തന സജ്ജമാകുകയുള്ളു. സർക്കാർ നിയമനം വൈകുന്നതാണ് കാത്ത് ലാബിലെ യന്ത്ര സാമഗ്രികൾ തുരുമ്പെടുക്കുന്നതിന്റെ പ്രധാന കാരണം കോവിഡ് കാലത്ത് നൂറ് കണക്കിന് രോഗികൾക്ക് പ്രയോജനപ്പെടേണ്ടതാണ് സർക്കാരിന്റെ കാത്ത് ലാബ്.

പരിയാരം മംഗളൂരുവിലേക്കുൾപ്പെടെ വിദഗ്ധ ചികിൽസയ്ക്കായി ജില്ലയിലെ ഹൃദ്രോഗികൾക്ക് സമയ ബന്ധിതമായി എത്താനാകാതെ  പലരും യാത്രാമദ്ധ്യേ മരിച്ചു വീഴുന്നു. ഹൃദയ സ്തംഭനമുൾപ്പെടെ  ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം ദിനംപ്രതി ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെടുമ്പോഴാണ് കോടികൾ മുടക്കിയ കാത്ത് ലാബ് മാത്രം തുരുമ്പിച്ച് കിടക്കുന്നത്. ശസ്ത്രക്രിയ ഉൾപ്പെടെ ഹൃദയ സംബന്ധമായി രോഗങ്ങൾക്ക് സ്വകാര്യാശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിൽസയ്ക്ക് പകരം രോഗികൾക്ക് വലിയ ആശ്വാസമാകേണ്ട കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടും പൂട്ടിക്കിടക്കുമ്പോൾ ജനപ്രതിനിധികൾ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.

LatestDaily

Read Previous

സർക്കാർ ഒാഫീസുകളിൽ നിന്ന് മുങ്ങുന്നവർക്കെതിരെ അന്വേഷണം

Read Next

രാജു കട്ടക്കയത്തിനെതിരെ സിപിഎം പഞ്ചായത്ത് ഒാഫീസ് മാർച്ച്